കാസർകോട് : കാസര്‍കോട് ഡിഎഫ്ഒ സ്ഥാനത്ത് നിന്നും പി ധനേഷ് കുമാറിനെ നീക്കിയതില്‍ സിപിഎമ്മിലും സിപിഐയിലും പ്രതിഷേധം പുകയുന്നു. ധനേഷിനെ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായാണ് മാറ്റി നിയമിച്ചത്. പകരം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി ബിജുവിനെ ഡിഎഫ്ഒ ആയി നിയമിച്ചിട്ടുണ്ട്.
എൻസിപി നേതാക്കളുടെ നിയമവിരുദ്ധ ശിപാർശകൾ തള്ളിയതിന്റെ പ്രതികാരമാണ് ഡിഎഫ്ഒയുടെ സ്ഥാനം തെറിപ്പിച്ചതെന്നാണ് സൂചന. കുറച്ചുനാളുകളായി ഡിഎഫ്ഒയും എൻസിപി ജില്ല നേതൃത്വവും ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ധനേഷിനെ മാറ്റിയത്.
കൂടിയാലോചനയില്ലാതെ സ്വീകരിച്ച നടപടി
സിപിഎമ്മിനും സിപിഐയ്ക്കും താല്പര്യമുള്ള ഉദ്യോഗസ്ഥന് നേരെ സ്ഥലംമാറ്റ ഭീഷണി ഉയർന്നപ്പോൾ തന്നെ ധനേഷ് കുമാറിനെ നീക്കരുതെന്ന് മുന്നണി നേതൃത്വം വനംമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടിയാലോചന പോലും നടത്താതെയാണ് സ്ഥലം മാറ്റിയതെന്ന് പറയപ്പെടുന്നു. ഇതോടെ കാസർകോട്ടെ സിപിഎം, സിപിഐ എംഎൽഎമാര്‍ നടപടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
വനാതിർത്തിയിലെ ക്വാറികൾക്ക് അനുമതി നൽകാത്തതും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് എൻസിപിയുടെ ശിപാർശ പ്രകാരം ജീവനക്കാരെ നിയമിക്കാത്തതുമാണ്ഡിഎഫ്ഒയും എൻസിപി നേതൃത്വവും തമ്മിൽ ഇടയാൻ കാരണമായത്. ആറുമാസം മുമ്പാണ് ധനേഷ് കുമാറിനെ കാസർകോട്ടേക്ക് മാറ്റിയത്. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ മുന്നിലെത്തിയ ക്വാറി അപേക്ഷകൾക്ക് എൻഒസി നൽകിയിരുന്നില്ല.
സ്ഥലംമാറ്റ ഭീഷണിയും സ്ഥാനമാറ്റവും
എല്ലാം എൻസിപി മുഖേനയുള്ള ശിപാർശകളായിരുന്നു. ഇതേതുടർന്ന് എൻസിപി നേതാക്കൾ അദ്ദേഹത്തെ ഓഫിസിൽ ചെന്നുകണ്ടിരുന്നു. പിന്നാലെ സ്ഥലംമാറ്റ ഭീഷണിയും ഉണ്ടായി. എന്നാൽ, പൊടുന്നനെ സ്ഥലം മാറ്റാതെ സ്ഥാനം മാറ്റുകയായിരുന്നു. ഭരണപരമായ ചുമതലയില്ലാത്ത മരം നടീൽ വകുപ്പിലേക്കാണ് ധനേഷിനെ മാറ്റിയത്. വയനാട്ടില്‍ ഡിഎഫ്ഒ ആയിരിക്കെ മുട്ടിലിലെ മരംമുറിയ്ക്ക് എതിരായി ആദ്യം നടപടിയെടുത്തത് ധനേഷായിരുന്നു.
കോഴിക്കോട് സ്വദേശിയായ പി ബിജു കേരളത്തിലെ ഏറ്റവും വലിയ വനം റേഞ്ചുകളായ കോടനാട്, മലയാറ്റൂർ, കാലടി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ആറുമാസം മുമ്പാണ് കാസർകോട് സോഷ്യൽ ഫോറസ്റ്റി കൺസർവേറ്റർ ആയി നിയമിതനായത്. വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ കാസർകോട് ജില്ലയിൽ കാര്യക്ഷമമാക്കുന്നതിന് ശ്രമിക്കുന്നില്ലെന്നും വകുപ്പിൽ ബാഹ്യശക്തികളുടെ ഇടപെടലിന് കളമൊരുക്കുന്നുവെന്നും ആരോപിച്ചാണ് ധനേഷ് കുമാറിനെ ഡിഎഫ്ഒ സ്ഥാനത്ത് നിന്ന് മാറ്റിയത്.
Also read: വാക്കേറ്റം വെടിവയ്പ്പില്‍ കലാശിച്ചു, യുവാവിന് തലയ്ക്ക് പരിക്ക്; പ്രതി പിടിയില്‍