കാസർകോട്: ദേശീയപാത വികസനത്തിനു വേണ്ടി മരം മുറിച്ചുമാറ്റിയപ്പോള്‍ പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങൾ പിടഞ്ഞുവീണ് ചത്തതും പക്ഷികളുടെ മുട്ടകൾ പൊട്ടിയൊലിച്ചതും കരളയിക്കുന്ന കാഴ്ച. എന്നാല്‍ വികസനത്തിനായി തുടര്‍ന്നങ്ങോട്ടും മുറിച്ച് മാറ്റേണ്ട മരത്തില്‍ ധാരാളം പക്ഷിക്കൂടുകളുണ്ടെന്ന് അറിഞ്ഞതോടെ വികസന പ്രവൃത്തികള്‍ നിര്‍ത്തി വച്ച് നല്ല മാതൃക കാട്ടിത്തരുകയാണ് കാസർകോട്. ഇതിനായി ചെര്‍ക്കളയിലാണ് പക്ഷിക്കളെ സംരക്ഷിക്കാൻ 25 ദിവസത്തേക്ക് ദേശീയപാതയിലെ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
ചെര്‍ക്കള ജംക്ഷനില്‍ സംസ്ഥാന ദേശീയ പാതകളുടെ ഇടയിലാണ് വലിയ തണല്‍ മരമുള്ളത്. 12 മീറ്റര്‍ ഉയരത്തിലും പത്തോളം മീറ്റർ പരിധിയിലും വ്യാപിച്ചു കിടക്കുകയാണ് ഈ മഴമരം. കഴിഞ്ഞ ആറ് വർഷമായി കുളക്കൊക്കിന്റെയും നീർ കാക്കയുടെയും പ്രജനന താവളമാണ് ഈ വൃക്ഷം. ഇതുകൊണ്ടുതന്നെ കുളകൊക്കുകളുടെ 18 കൂടുകളും നീര്‍കാക്കകളുടെ പത്ത് കൂടുകളുമുണ്ട് ഈ മരത്തിൽ. മുക്കാൽ അടിയോളം വലുപ്പമുള്ളതാണ് ഉണക്കിയ മരച്ചില്ലകൾ കൊണ്ടുവന്ന് ഉണ്ടാക്കിയ ഈ കൂടുകള്‍ നൂറിലേറെ കിളികളുടെ താവളമാണ്.
ദേശീയ പാതാ വികസനത്തിനായി മരം മുറിക്കാനായി എത്തിയപ്പോഴാണ് കിളിക്കൂടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൂട് ഇവിടെ നിന്ന് മാറ്റിയാല്‍ കിളികള്‍ ചത്ത് പോകുമെന്ന് അധികൃതർ വിലയിരുത്തി. ജൂൺ മുതൽ ഒക്‌ടോബര്‍ വരെ പക്ഷികളുടെ പ്രജനന കാലമാണ്. എൺപതോളം പക്ഷിക്കുഞ്ഞുങ്ങൾ ഈ മരത്തിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. തള്ളപ്പക്ഷിയും അച്ഛൻ പക്ഷിയും പരിപാലനത്തിനായി മാറി മാറി കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും കാണാം. ഒരേ വൃക്ഷത്തിൽ 200 വരെ കൂടുകൾ കെട്ടുന്നതാണ് ഈ പക്ഷികളുടെ രീതി. ഇതോടെ മുട്ട വിരിയുന്നതുവരെ മരത്തിന്‍റെ ചില്ല പോലും മുറിക്കാതെ സംരക്ഷിക്കാന്‍ തീരുമാനവുമായി.
കിളികള്‍ പറന്ന് പോയതിന് ശേഷം മാത്രമേ മരം മുറിക്കൂവെന്ന് അധികൃതർ ഉറപ്പുനല്‍കുന്നു. ഇലക്‌ട്രിക്കൽ വിഭാഗവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി മേഘ കൺസ്ട്രക്‌ഷൻസ് കമ്പനി സ്ഥലത്തെത്തിയപ്പോഴാണ് കിളിക്കൂടുകൾ കണ്ടത്. പിന്നീട് ഇത് സംരക്ഷിക്കാൻ അധികൃതരെ സമീപിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ പി. ധനേഷ് കുമാർ പക്ഷി നിരീക്ഷകൻ രാജു കിദൂറിന്റെ ഉപദേശത്തിനു തേടുകയായിരുന്നു. പക്ഷിക്കൂടുകൾ മാറ്റിയാൽ ഗുണകരമാവിലെന്ന അദ്ദേഹത്തിന്‍റെ നിർദേശത്തെ തുടര്‍ന്നാണ് അധികൃതരുടെ കയ്യടിയര്‍ഹിക്കുന്ന തീരുമാനം.