കാസര്‍കോട്: ഒപ്പം ചേർത്തുപിടിക്കാനും സ്‌നേഹിക്കാനുമുള്ള കഴിവുണ്ടെങ്കിലും പലർക്കും അതിന് കഴിയാറില്ല. പക്ഷേ കാസര്‍കോട് ചാലിങ്കാല്‍ ഗവ എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ സ്നേഹവും കരുതലും പറഞ്ഞറിയിക്കാനാകാത്തതാണ്.
ഈ ക്ലാസ് മുറിയിലുള്ളത് 15 വിദ്യാര്‍ഥികളാണ്. അതില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. പേര് ആദിഷ്, സ്‌കൂളിലെ ഈ ക്ലാസ് മുറിയിലേക്ക് എത്തിയാല്‍ സഹപാഠികള്‍ ആദിഷിനോട് കാണിക്കുന്ന സ്‌നേഹവും കരുതലും കണ്ടുപഠിക്കണം (Govt LP School Chalinkal Student Adish).
കൂട്ടുകാരുടെ കളിയിലും ചിരിയിലും ആദിഷും ഒപ്പം കൂടും. അവര്‍ക്കൊപ്പം പാട്ടുപാടും. അവന്‍റെ സംസാരം മറ്റുള്ളവര്‍ക്ക് വ്യക്തമാകില്ലെങ്കിലും സഹപാഠികള്‍ക്ക് കൃത്യമായി മനസിലാകും.
ആദിഷ് ഭക്ഷണം കഴിക്കുമ്പോള്‍ യൂണിഫോമില്‍ വീഴാതിരിക്കാന്‍ ഏപ്രണ്‍ കെട്ടിക്കൊടുക്കും. ശുചിമുറിയില്‍ കൊണ്ടുപോകാനും കൈകള്‍ കഴുകി നല്‍കാനും ചെരിപ്പ് ഇടാന്‍ മറുന്നുപോയാല്‍ ചെരിപ്പിട്ട് കൊടുക്കാനും കൂട്ടുകാര്‍ തമ്മില്‍ മത്സരമാണ് (Kasaragod Adish Viral Story).
അവന്‍ കുസൃതി കാട്ടിയാലും വഴക്ക് പറയില്ല. കാരണം അവന്‍റെ പരിമിതികളെ കുറിച്ച് കൂട്ടുകാര്‍ക്ക് ബോധ്യമുണ്ട്. ആദിഷിന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ദൃശ്യ എന്നും കൂടെ തന്നെ ഉണ്ടാകും. പുസ്‌തകത്തില്‍ കളറടിക്കാനും പഠനകാര്യത്തിലൊക്കെയും സഹായിക്കുന്നത് ദൃശ്യയാണ്.
ആദിഷിനോടുള്ള കൂട്ടുകാരുടെ സ്‌നേഹം അദ്ധ്യാപികയാണ് മൊബൈലില്‍ പകര്‍ത്തി ഫേസ്‌ബുക്കിലൂടെ പങ്കിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ഇതേ ദൃശ്യങ്ങള്‍ നേരത്തെ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഈ വിദ്യാലയവും ഇവിടുത്തെ കുട്ടികളും വൈറലായത്.
ചാലിങ്കാൽ ജിഎൽപിഎസിലെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്ന സ്നേഹവും ആത്മവിശ്വാസവും മനുഷ്യരിൽ ഉള്ള വിശ്വാസവും ചെറുതാകില്ല. ആദിഷിന് കൂട്ടാകുന്നത് ദൃശ്യ മാത്രമല്ല, ഒരു സ്‌കൂൾ മുഴുവനുമാണ്. ഇത് മുതിർന്നവർക്ക് കൂടിയുള്ള ജീവിതപാഠമാണ്. കേരളത്തിലെ വിദ്യാഭ്യാസ ക്രമത്തിൻ്റെ ഗുണത എന്ന് പറയുന്നത് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കലിൽ മാത്രമല്ല ഉൾക്കൊള്ളുന്നതും ഉൾച്ചേർന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷം സ്കൂളുകളിൽ ആകമാനം കൊണ്ട് വന്നതിലുമാണെന്നും എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു അദ്ദേഹം ആദിഷിന്‍റെയും കൂട്ടുകാരുടെയും വീഡിയോ പങ്കുവച്ചത്.
Also Read : 'ഈ മരം ആട്ടരുത്, കൂടുണ്ട്, അതിലൊരു പക്ഷിയമ്മയും മുട്ടയുമുണ്ട്' ; സ്‌നേഹക്കരുതലേകി കുട്ടികൾ