കാസർകോട് : കേന്ദ്ര സർവകലാശാലയിൽ എസ്‌എഫ്‌ഐ സംഘടിപ്പിക്കാനിരുന്ന, മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററി പ്രദർശനം വിലക്കി അധികൃതര്‍. ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് സർവകലാശാല അറിയിച്ചു. സുരക്ഷാകാരണങ്ങളാണ് പ്രദർശനം തടയാൻ കാരണമെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വിശദീകരണം.
നാളെ (ജനുവരി 25) രാത്രി ഒന്‍പതിനായിരുന്നു പ്രദർശനം തീരുമാനിച്ചത്. അതേസമയം, പ്രദർശനത്തിൽ നിന്ന് പിന്മാറില്ലെന്ന് എസ്എഫ്‌ഐ അറിയിച്ചു. സർവകലാശാല കാമ്പസിന് അകത്ത് നടത്താൻ കഴിഞ്ഞില്ലെങ്കിൽ പുറത്താകും സൗകര്യമൊരുക്കുക. അതേസമയം, കണ്ണൂർ സർവകലാശാലയിലെ ഡോക്യുമെൻ്ററി പ്രദർശനം സർവകലാശാല തടഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികൾ കാമ്പസിൽ വച്ചുതന്നെ ഡോക്യുമെൻ്ററിയുടെ പ്രദർശനം പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.