കാസര്‍കോട്: മാന്യയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വന്‍ നാശനഷ്‌ടം. ഇതെത്തുടര്‍ന്ന് 200ഓളം വലിയ മരങ്ങള്‍ കടപുഴകി വീണു. അഞ്ച് വീടുകള്‍ക്ക് തകർച്ചയും സംഭവിച്ചു. ബദിയടുക്ക പഞ്ചായത്തിലെ മാന്യയിലെ 14-ാം വാര്‍ഡ് പട്ടാജെ, 17ാം വാര്‍ഡ് മല്ലടുക്ക എന്നിവിടങ്ങളില്‍ ഇന്ന് (12.09.2022) പുലർച്ചെയാണ് ചുഴലിക്കാറ്റുണ്ടായത്.
ചുഴലിക്കാറ്റിൽ ഒരു വീട് പൂര്‍ണമായും തകർന്നിട്ടുണ്ട്. മരം കടപുഴക്കി വീണാണ് വീടുകളെല്ലാം തന്നെ തകര്‍ന്നത്. പ്രദേശത്ത് രാത്രിയിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നുതായും നാട്ടുകാർ പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ചുഴലിക്കാറ്റുണ്ടായത്. പല വീടുകളുടെയും ഓടുകളും ടാങ്കമായി വെല്‍ഡ് ചെയ്‌ത് ബന്ധിപ്പിച്ച ഷീറ്റുകളും കാറ്റില്‍ പറന്നു.
ഉദയകുമാര്‍ ഭട്ട്, കമ്പാര്‍ സുബ്രഹമണ്യ ഭട്ട്, സുബ്ബയ്യ നായ്ക് എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ നാശനഷ്‌ടമുണ്ടായിട്ടുള്ളത്. അപകടസമയത്ത് ഉദയകുമാറിന്റെ വീട്ടില്‍ വയോധികയായ അമ്മ ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. സുബ്ബയ്യ നായ്ക്കിന്റെ വാട്ടര്‍ ടാങ്കില്‍ സ്ഥാപിച്ച ഷീറ്റ് 150 മീറ്ററോളം അകലെയാണ് പറന്നു ചെന്നുവീണത്. മറ്റൊരു ടാങ്കിനുണ്ടായിരുന്ന ഇരുമ്പു കമ്പി തെങ്ങിന്റെ മുകളിലേക്കായിരുന്നു പതിച്ചത്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വ്യാപകമായ രീതിയില്‍ കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒട്ടേറെ വാഴകളും നശിച്ചു. 300 ഓളം വാഴകളും 200 ഓളം കവുങ്ങുകളും നിലംപോത്തി. ചുഴലിക്കാറ്റില്‍ ഇരുപതുലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. അതേസമയം, ചുഴലിക്കാറ്റില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് അധികൃതരും, റവന്യു ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.