മംഗളൂരു: കർണാടകയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് തലപ്പാടി ചെക്ക്പോസ്റ്റിൽ എൽഡിഎഫ്, യുഡിഎഫ് പ്രതിഷേധം. കർണാടക എഡിജിപി പ്രതാപ് റെഡ്ഡി ചെക്ക്പോസ്റ്റ് സന്ദർശിച്ച സമയത്താണ് ഇരു വിഭാഗവും പ്രതിഷേധവുമായി എത്തിയത്. അര മണിക്കൂറോളം ഇരു വിഭാഗവും ചേർന്ന് റോഡ് ഉപരോധിച്ചത്.
Also Read: മാംഗ്ലൂർ സർവകലാശാലയിൽ കേരളത്തിലെ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ
പ്രശ്‌നം പരിഹരിക്കുന്നത് വരെ കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. തുടർന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ, ദക്ഷിണ കന്നട ജില്ലാ കലക്ടർ എന്നിവർ സ്ഥലത്തെത്തി കേരള പൊലീസുമായി ചർച്ച നടത്തി. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് എഡിജിപി അറിയിച്ചു.
കേരളത്തിൽ കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്ന് കർണായകയിലേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് കർണാടകയിലേക്ക് പ്രവേശനം നൽകുന്നത്. ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ കൊവിഡ് സെന്‍ററിലേക്ക് മാറ്റുമെന്നും കർണാടക അറിയിച്ചിട്ടുണ്ട്.