കാസര്‍കോട്: വിദഗ്‌ധ ചികിത്സ കിട്ടാതെ ജില്ലയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ മേസ്‌ത്രി, തുമിനാട് സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗളൂരുവിലെ വിദഗ്‌ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഇതോടെ ഒമ്പതായി.
രുദ്രപ്പ മേസ്‌ത്രി രണ്ട് വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു. ഇതേ തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നെഞ്ച് വേദനയെ തുടർന്ന് യൂസഫിനെ ഉപ്പളയിലെ ക്ലിനിക്കിലെത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കാസർകോട് -മംഗളൂരു ദേശീയപാതയിലെ തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റ് തുറക്കാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും മരണങ്ങൾ. രോഗികൾക്കായി അതിർത്തി തുറന്നുകൊടുക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.