കാസർകോട്: നമ്മുടെ നാട്ടില്‍ റോഡ്, പാലം, കെട്ടിടങ്ങൾ എന്തുമാകട്ടെ പണി പൂർത്തിയായാല്‍ ഉദ്ഘാടനം എന്നൊരു ചടങ്ങുണ്ട്. അതിനായി ആദ്യം തേടുന്നത് കിട്ടിയാല്‍ പ്രധാനമന്ത്രി, അല്ലെങ്കില്‍ മുഖ്യമന്ത്രി അതുമല്ലെങ്കില്‍ ഏതേലും മന്ത്രി അതും നടന്നില്ലെങ്കില്‍ എംഎല്‍എ... ഒടുവില്‍ പഞ്ചായത്ത് മെമ്പറെ വരെ കിട്ടുമോ എന്ന് നോക്കും...
ഇനി മറ്റൊരു പണിയും ഇല്ലെങ്കില്‍ ഏത് ഉദ്ഘാടനത്തിനും റെഡിയായിരിക്കുന്ന ജനപ്രതിനിധികളുമുണ്ട്... ഇവരൊന്നുമില്ലാതെ ഒരു ഉദ്ഘാടനം നമുക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ഉദ്ഘാടകനായ അതി മനോഹരമായ കാഴ്‌ച കൺകുളിർക്കെ കണ്ടവരാണ് കാഞ്ഞങ്ങാട്ടുകാർ.
സംഭവം ഇങ്ങനെയാണ്... സമയം ഉച്ചയ്ക്ക് ഒരു മണി, സ്ഥലം കാഞ്ഞങ്ങാട് ജില്ല ആശുപത്രി, സ്ഥിരം കാക്കി യൂണിഫോമില്‍ പതിവ് ശുചീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷം ബാബുവേട്ടൻ നടന്നു വരുന്നു, പരിപാടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എട്ട് ലക്ഷം രൂപ ചെലവിൽ അത്യാധുനിക രീതിയിൽ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം. ഉദ്ഘാടകൻ മറ്റാരുമല്ല ബാബുവേട്ടൻ എന്ന് ഡോക്‌ടർമാർ അടക്കമുള്ളവർ സ്നേഹത്തോടെ വിളിക്കുന്ന ടിവി ബാബു... ഇത് കണ്ട് പരിപാടിക്ക് വന്നവർ ആദ്യമൊന്ന് അമ്പരന്നു. പക്ഷേ സംഘാടകരായ ആശുപത്രി സ്റ്റാഫ് കൗൺസിലിന് ഒരു സംശയവുമുണ്ടായിരുന്നില്ല.
സന്തോഷം കൊണ്ട് വാക്കുകൾ ഇടറിയെങ്കിലും സദസിന്‍റെ നിറഞ്ഞ കയ്യടിയോടെ ബാബു കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്‌തു. ബാബുവേട്ടൻ എങ്ങനെ ഉദ്ഘാടകനായി എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല, കാരണം 12 വർഷം മുൻപ് ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും ദിവസ വേതനത്തില്‍ ഇപ്പോഴും ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ബാബുവേട്ടൻ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്.
എഴുപത് വയസ് കഴിഞ്ഞെങ്കിലും ജോലിയില്‍ കിറു കൃത്യം. അങ്ങനെയൊരാളെ ഉദ്ഘാടകനായി തീരുമാനിച്ച കാഞ്ഞങ്ങാട് ജില്ല ആശുപത്രി സ്റ്റാഫ് കൗൺസിലിന് സല്യൂട്ട്...നാടിന് ഇതൊരു മാതൃകയാകട്ടെ... ഉദ്ഘാടന പരിപാടി തീർന്നയുടൻ ചൂലുമായി ബാബുവേട്ടൻ വീണ്ടും ഇറങ്ങി, ജോലി തീർന്നിട്ടില്ല...
വലിയ അംഗീകാരമെന്ന് ടിവി ബാബു: ഇങ്ങനെയൊരു പരിപാടിയില്‍ ഉദ്ഘാടകനായി തീരുമാനിച്ചത് വലിയ അംഗീകാരമെന്നാണ് ടിവി ബാബു പ്രതികരിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞാണ് ബാബു മടങ്ങിയത്. കഴിഞ്ഞ മുപ്പതു വർഷത്തിലധികമായി ശുചീകരണ തൊഴിലാളിയാണ് ബാബു. 16 വർഷമായി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ജീവനക്കാരനാണ്. 2011ല്‍ വിരമിച്ചു. ഇപ്പോൾ താല്‍ക്കാലിക ജീവനക്കാരനാണ്. വത്സമ്മയാണ് ബാബുവിന്‍റെ ഭാര്യ. സൽമൽ, സൽവൻ, സുബിൻ എന്നിവർ മക്കളാണ്. കാഞ്ഞങ്ങാട് ഇരിയ മുട്ടച്ചരൽ സ്വദേശിയാണ് ബാബു.
കോൺഫറൻസ് ഹാൾ ഉദ്ഘാടനത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. രാമൻ സ്വാതി വാമൻ അധ്യക്ഷനായി. സ്റ്റാഫ് കൗൺസിൽ പ്രസിഡന്‍റ് ഡോ. വിനോദ് കുമാർ, ആർഎംഒ ഷഹർബാന, ഡോ പി പവിത്രൻ, ഡോ മുഹമ്മദ് റിയാസ് എന്നിവർ സംബന്ധിച്ചു. കോൺഫറൻസ് ഹാൾ ഉദ്ഘാടനത്തിന് വിഐപി പേരുകൾ പലതും ചർച്ച ചെയ്‌തെങ്കിലും ഒടുവില്‍ ടിവി ബാബുവിനെ തീരുമാനിക്കുകയായിരുന്നുവെന്ന് ആശുപത്രി സ്റ്റാഫ് കൗൺസില്‍ ഭാരവാഹികൾ പറഞ്ഞു.