കാസര്‍കോട്: മഞ്ചേശ്വരം ഇസ്മയിൽ വധക്കേസിൽ കുറ്റപത്രം വൈകിയതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം. ഇസ്മായിലിന്‍റെ ഭാര്യ ആയിഷയും കാമുകനും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ഭാര്യയുടെ ക്വട്ടേഷനിൽ ഇസ്മയിലിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തത്. കേസിൽ ഒരാൾ ഇപ്പോഴും ഒളിവിലാണ്. ആയിഷക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫ, ക്വട്ടേഷൻ സംഘാംഗം അറാഫത്ത് എന്നിവർക്ക് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
തലപ്പാടി സ്വദേശി ഇസ്മയിൽ ജനുവരി 20 നാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടുവെന്നും പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനായി മൃതദേഹം താനും മുഹമ്മദ് ഹനീഫയും ചേർന്ന് ഇറക്കി വെച്ചുവെന്നുമാണ് ഭാര്യ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ബന്ധുക്കൾ സംശയമുന്നയിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴുത്തിന്‍റെ പിൻഭാഗത്ത് തടിച്ച പാട് കണ്ടതാണ് സംശയമുയർത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടും കൊലപാതകം ശരിവച്ചു.
മഞ്ചേശ്വരം സി.ഐ എ.വി ദിനേശും സംഘവും നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ കൊലപാതകത്തിന്‍റെ ചുരുളഴിയുകയായിരുന്നു. കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊലപാതകം. മുഹമ്മദ് ഹനീഫയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഇസ്മായിലും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. ഇതിനായി ക്വട്ടേഷൻ സംഘമായ സിദിഖ്,അറാഫത്ത് എന്നിവരെ കൂടെ ചേർത്തു. പ്രതി സിദിഖ് ഇപ്പോഴും ഒളിവിലാണ്.