കാസർകോട്: എൻഡോസൾഫാൻ കുഴിച്ചു മൂടിയ കാസർകോട് മിഞ്ചിപ്പദവിൽ ഇന്ന് ഉച്ചയ്ക്ക് കേന്ദ്രം സംഘം പരിശോധന നടത്തി. ബോർഡിന്‍റെ ദക്ഷിണ മേഖല ഡയറക്‌ടർ ജെ ചന്ദ്രബാബുവിന്‍റെ നേതൃത്വത്തിലാണ് പരിശോധന. പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ ഗോഡൗണിലും എൻഡോസൾഫാൻ കുഴിച്ചു മൂടിയ കിണറിലുമാണ് പരിശോധന നടത്തിയത്.
കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡിലെ ഒൻപത് അംഗ സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കേരളത്തിലെയും കർണാടകത്തിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പരിശോധനയുടെ ആദ്യ ഘട്ടത്തിൽ കുഴിച്ചു മൂടിയ കിണറിലെ മണ്ണ്, വെള്ളം എന്നിവ പരിശോധനയ്ക്കായി എടുത്തു.
ആദ്യഘട്ടത്തിൽ രണ്ടുദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകുമെന്നും അടുത്ത ഘട്ടത്തിൽ വിശദമായ മണ്ണ് പരിശോധനയും ജല പരിശോധനയും ഉണ്ടായിരിക്കുമെന്നും ജെ ചന്ദ്രബാബു വ്യക്തമാക്കി. കേന്ദ്ര സംഘം നാട്ടുകാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നടപടി ഹരിത ട്രിബ്യൂണലിന്‍റെ നോട്ടീസിന് പിന്നാലെ: ഇന്ന് ഉച്ചയ്ക്കാണ് കേന്ദ്രസംഘം മിഞ്ചിപ്പദവിൽ എത്തിയത്. അനധികൃതവും അശാസ്ത്രീയവുമായാണ് എൻഡോസൾഫാൻ കുഴിച്ചിട്ടെന്ന പരാതിയിൽ കേന്ദ്രസർക്കാരിനും, കേരള സർക്കാരിനും, കർണാടക സർക്കാരിനും, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് നൽകിയിരുന്നു (Green Tribunal Notice To Central And State Pollution Control Boards). ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പരാതി ഇങ്ങനെ: ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നടപടി. അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാൽ കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകും എന്നാണ് പരാതിയിലെ വാദം. കാസർകോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.
2000 ൽ ആണ് പ്ലാന്‍റേഷൻ ജീവനക്കാർ എൻഡോസൾഫാൻ കുഴിച്ചു മൂടിയത്. ഇതിനെ തുടർന്ന് 2006 ലും 2014 ലും വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. അശാസ്ത്രീയമായ രീതിയിലാണ് കുഴിച്ചു മൂടിയതെന്നായിരുന്നു വാദം. ആ ഘട്ടത്തില്‍ വിദഗ്‌ദ സമിതികള്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാൽ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ചരിത്രമിങ്ങനെ: കാസർകോട് ജില്ലയിൽ പ്ലാന്റേഷൻ കോർപ്പറേഷന്‍റെ കശുമാവിൻതോട്ടങ്ങളിൽ ഹെലികോപ്‌ടറിൽ എൻഡോസൾഫാൻ കീടനാശിനി തളിച്ച് തുടങ്ങിയത് 1978ൽ ആണ്. രണ്ട് പതിറ്റാണ്ടിനുശേഷം 1998-ൽ ലീലാകുമാരിയമ്മ ഇതിനെതിരെ ഹൊസ്‌ദുർഗ് കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയിരുന്നു.
പിന്നീട് മാസങ്ങളോളം കീടനാശിനിപ്രയോഗം നടന്നില്ലായിരുന്നു. 1999-ൽ പ്ലാന്‍റേഷൻ കോർപ്പറേഷൻ കോടതിയെ സമീപിച്ച് സ്റ്റേ നീക്കുകയും വീണ്ടും എൻഡോസൾഫാൻ തളിക്കുകയും ചെയ്‌തു. പിന്നീട് ലീലാകുമാരിയമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേവർഷത്തിന്‍റെ അവസാനത്തിൽ തന്നെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് വന്നിരുന്നു. അതിനുശേഷം ജില്ലയിൽ ഈ കീടനാശിനി തളിച്ചില്ല.