കാസർകോട്: മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർഥിയായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് ജനവിധി തേടും. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഐഎൻഎൽ മത്സരിക്കുന്ന മറ്റു രണ്ടു മണ്ഡലങ്ങളിൽ നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.
ഇടതുസർക്കാറിന്‍റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ കണ്ണു തുറപ്പിച്ചിട്ടുണ്ടെന്നും കാലാ കാലങ്ങളായി കാസർകോട് നിന്നും ജയിച്ചു വന്നവർ വോട്ടർമാരെ പരിഗണിച്ചിട്ടു പോലുമില്ലെന്നും എം എ ലത്തീഫ് പറഞ്ഞു. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളിൽ ആണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ കാസർകോടും മാറി ചിന്തിക്കുമെന്നുമുള്ള ആത്മ വിശ്വാസത്തിലുമാണ് ലത്തീഫ് ജനങ്ങളെ സമീപിക്കുന്നത്.