കാസർകോട്: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇൻഡോനേഷ്യയിൽ മലയാളികൾ ഉൾപ്പെടെ 23 ഇന്ത്യക്കാർ കരുതൽ തടങ്കലിൽ. കാസർകോട്ടുകാരും ഒരു പാലക്കാട് സ്വദേശിയുമടങ്ങുന്ന സംഘം സഹായമഭ്യർഥിച്ചു നാട്ടിലേക്ക് വീഡിയോ സന്ദേശം അയച്ചു. ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ ഇൻഡോനേഷ്യയിൽ പിടിച്ചു വച്ചുവെന്നാണ് വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തുന്നത്. ഫെബ്രുവരി എട്ടിനാണ് എംടിഎസ്ജി പേഗോസ് എന്ന ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ കപ്പൽ സിംഗപ്പൂരിനടുത്ത് വെച്ച് ഇൻഡോനേഷ്യൻ നാവികസേന പിടികൂടിയത്.
കാസർകോട് സ്വദേശികളായ മൂസക്കുഞ്ഞി, കലന്തർ, അനൂപ് തേജ് പാലക്കാട് സ്വദേശി വിപിൻ രാജ് എന്നിവരും ഗോവ ഉത്തർപ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് തടങ്കലിൽ കഴിയുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇവരുടെ കുടുംബാംഗങ്ങൾ വിദേശകാര്യ വകുപ്പ് മന്ത്രിക്കുൾപ്പടെ നിവേദനം നൽകിയിട്ടുണ്ട്.