കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സംസ്ഥാനം 74-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കാസര്‍കോട് നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി. കൊവിഡ് മാനഗണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത ബറ്റാലിയില്‍ സേനാംഗങ്ങള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. മലപ്പുറത്ത് എംഎസ്‌പി മൈതാനത്ത് ഡെപ്യൂട്ടി കലക്ടര്‍ ഒ. ഹംസ പതാക ഉയര്‍ത്തി. പൊലീസ്, വനിത പൊലീസ്, എക്‌സൈസ് തുടങ്ങി നാല് പ്ലാറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ പങ്കെടുത്തത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്‌റ്റന്‍ വിക്രം മൈതാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ എഡിഎം റോഷ്‌നി നാരായണന്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുഖ്യാഥിതിയായി. പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണം നൂറായി പരിമിതപ്പെടുത്തിയിരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ചടങ്ങില്‍ പ്രവേശന വിലക്കുണ്ടായിരുന്നു. പ്രത്യേക തെര്‍മല്‍ സ്‌കാനിങ് സംവിധാനവും ചടങ്ങില്‍ ഏര്‍പ്പെടുത്തിയിരുന്നു.
വയനാട്ടില്‍ ജില്ലാ കലക്ടർ ഡോ. അദീല അബ്‌ദുള്ള ദേശീയ പതാക ഉയർത്തി. ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, രോഗത്തെ അതിജീവിച്ചവര്‍ എന്നിവരെ പ്രതിനിധീകരിച്ച് എത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. മഹേഷ്, ഡോ.അനീഷ് പരമേശ്വരന്‍, സ്റ്റാഫ് നഴ്‌സുമാരായ പി. അര്‍ച്ചന, നിതീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എസ് മനോജ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് പി.പി മായ, നഴ്‌സിങ് അസിസ്റ്റന്‍റ് കെ.ജി റീന, അറ്റന്‍ഡന്‍റ് പി.സി വത്സല, ആശാവര്‍ക്കര്‍ ഇ.കെ സിന്ധു, വര്‍ക്കര്‍മാരായ പ്രസാദ്, സുരേന്ദ്രന്‍, കൊവിഡ് രോഗത്തെ അതിജീവിച്ചവരായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മെര്‍വിന്‍, സ്റ്റാഫ് നഴ്‌സ് ഫാത്തിമ, ബി.എസ്.എഫ് ജവാന്‍ പ്രജീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എംഎല്‍എമാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, കല്‍പ്പറ്റ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂരില്‍ ജില്ല കലക്ടർ ടി.വി സുഭാഷ് പതാക ഉയർത്തി. കണ്ണൂര്‍ ജില്ലാ പൊലീസ്, എക്‌സൈസ്, കണ്ണൂര്‍ എസ്.എന്‍ കോളജ് ഗവ പോളി ടെക്‌നിക് എന്‍സിസിസി സീനിയര്‍ ഡിവിഷന്‍ എന്നീ പ്ലാറ്റൂണുകൾ പങ്കെടുത്തു. തലശ്ശേരികോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. വി സ്‌മീതേഷ് പരേഡിന് നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുക്തരും ചടങ്ങില്‍ പ്രത്യേക അഥിതികളായി.