കാസർകോട്: മുപ്പത്തിയാറായിരം രൂപയ്‌ക്ക് പകരം മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയെന്ന് വരുമാന സർട്ടിഫിക്കറ്റില്‍ എഴുതി ചേർത്തു. ഒരു വില്ലേജ് ഓഫിസറുടെ അശ്രദ്ധയില്‍ ഒരു കുടുംബത്തിന്‍റെ അന്നം മുട്ടിയെന്ന് മാത്രമല്ല, അർഹതപ്പെട്ട പെൻഷനും നഷ്‌ടമായി. ഇത് കാസർകോട്ടെ പെരഡാല കൊറഗ കോളനിയിലെ അജയന്‍റെ കുടുംബത്തോട് ഒരു വില്ലേജ് ഓഫിസർ കാണിച്ച കടുത്ത അനീതിയുടെ തുടർകഥയാണ്.
ഈ കുടുംബത്തിന്‍റെ മാസ വരുമാനം റേഷൻ കാർഡിൽ 400 രൂപയാണ്. പക്ഷേ വരുമാന സർട്ടിഫിക്കറ്റില്‍ അത് 3,60,000 രൂപ. കൊട്ട മെടഞ്ഞു ഉപജീവനം നടത്തുന്ന പട്ടികവർഗ വിഭാഗത്തില്‍പെട്ട നിർധന കുടുംബത്തിനാണ് ഇങ്ങനെയൊരു വരുമാന സർട്ടിഫിക്കറ്റ്. ഇതോടെ അജയന് ലഭിക്കേണ്ട ഭിന്ന ശേഷിക്കാർക്കുള്ള പെൻഷൻ നഷ്‍ടമായി.
2022 സെപ്‌റ്റംബർ 22ന് നീർച്ചാൽ വില്ലേജിൽ നിന്നാണ് വാർഷിക വരുമാന സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. പെൻഷന് അപേക്ഷ നൽകിയപ്പോഴാണ് ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളതിനാൽ പെൻഷന് അർഹതയില്ലെന്ന് അറിഞ്ഞതെന്ന് അജയൻ പറഞ്ഞു. അതിദരിദ്രർക്കുള്ള റേഷൻ കാർഡുള്ള അജയനും കുടുംബത്തിനും എങ്ങനെയാണ് മൂന്ന് ലക്ഷത്തിന് മുകളില്‍ വാർഷിക വരുമാനമുള്ളതായി സർട്ടിഫിക്കറ്റ് നല്‍കിയതെന്ന് അന്വേഷിച്ചപ്പോഴാണ് വില്ലേജ് ഓഫിസറുടെ വീഴ്‌ചയാണെന്ന് മനസിലായത്.
പരാതിയുമായി അജയനും കുടുംബവും വില്ലേജ് ഓഫിസ് കയറിയിറങ്ങി മാസം മൂന്ന് കഴിഞ്ഞപ്പോഴാണ് അധികൃതർക്ക് ശരിക്കും കാര്യം ബോധ്യമായത്. ഒടുവില്‍ കലക്‌ടർ വരെ റിപ്പോർട്ട് തേടി. പക്ഷേ ഇതുവരെയും വരുമാന സർട്ടിഫിക്കറ്റ് മാറ്റി ലഭിച്ചിട്ടില്ല. പെൻഷനുമില്ല. കൂലിപ്പണിയെടുത്ത് കഴിയുന്ന കുടുംബം, സർട്ടിഫിക്കറ്റ് തിരുത്താനും പെൻഷനും വേണ്ടി ഇനി ആരെയെല്ലാം കാണേണ്ടി വരുമെന്നാണ് ചോദിക്കുന്നത്.