കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ മാന്യയിലെ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന അണ്ടർ‐14 ഉത്തരമേഖലാ ക്രിക്കറ്റ് ടൂർണമെന്‍റ് നിർത്തിവെക്കാൻ വില്ലേജ് ഓഫീസറുടെ ഉത്തരവ്. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതിനാലാണ് സ്‌റ്റേഡിയത്തിലെ മത്സരം നിർത്തിവെക്കാന്‍ ഉത്തരവിട്ടത്. 1.09 ഏക്കർ സർക്കാർ സ്ഥലം കയ്യേറിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയം നിർമിച്ചതെന്ന് റവന്യൂ അധികൃതർ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒഴിപ്പിക്കൽ നോട്ടീസും നൽകിയിരുന്നു. ഇത് പരിഗണിക്കാതെ മത്സരവുമായി മുന്നോട്ടുപോയതോടെയാണ് പഞ്ചായത്തും റവന്യൂ അധികാരികളും നിലപാട് കടുപ്പിച്ചത്. ഇവിടെ ഏതെങ്കിലും പ്രവർത്തികളോ ഉപയോഗപ്പെടുത്തലോ നടത്തുന്നത് നിയമവിരുദ്ധമാണെന്നറിയിച്ചുള്ള ഉത്തരവ് ബേള വില്ലേജ് ഓഫീസർ കൃഷ്‌ണകുമാർ കെസിഎ ട്രഷറർ കെ.എം.അബ്‌ദുൾ റഹ്മാന് കൈമാറി.
കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു മാന്യയിലെ സ്റ്റേഡിയത്തില്‍ ഉത്തരമേഖലാ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചത്. നവംബര്‍ 21 വരെ നടക്കേണ്ട മത്സരമാണ് ശനിയാഴ്‌ച നിർത്തിവെപ്പിച്ചത്. സ്റ്റേഡിയം നിലനിൽക്കുന്ന സ്ഥലമുൾപ്പെടെ ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കെസിഎയുടെ കീഴിൽ തലശേരിയിലും വയനാട്ടിലും പെരിന്തൽമണ്ണയിലുമുള്ള സ്റ്റേഡിയങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് കയ്യേറ്റ ഭൂമിയിൽ നിർമിച്ച സ്റ്റേഡിയത്തിൽ ടൂർണമെന്റ് നടത്താൻ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. കയ്യേറ്റ ഭൂമിയല്ലെന്ന ജില്ലാ‐സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ വാദം ശരിയാണെന്ന് കളിക്കാർക്കിടയിൽ വരുത്തിത്തീർക്കാനുള്ള കെസിഎ ഭാരവാഹികളുടെ നീക്കമാണ് റവന്യൂ അധികൃതർ തടഞ്ഞത്.
പുറമ്പോക്ക് ഭൂമിക്ക് പുറമെ തോട് നികത്തിയും ഗതിമാറ്റി വിട്ടുമാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. നികത്തിയ തോട് പൂർവസ്ഥിതിയിലാക്കണമെന്ന ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവും കെസിഎ അവഗണിച്ചു. അതിനാൽ മത്സരം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെസിഎക്കും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ഇ‐മെയിലിലും തപാലിലുമായി പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ വെള്ളിയാഴ്‌ച നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വില്ലേജ് ഓഫീസർ സ്‌റ്റോപ്പ് മെമ്മോ ഉത്തരവ് കൈമാറിയത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള മികച്ച കളിക്കാരെ തെരഞ്ഞെടുത്ത് സംസ്ഥാന മത്സരത്തിനയക്കാനുള്ള ടീം തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇവിടെ ആരംഭിച്ചത്.