കാസർകോട്: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. കാസർകോട് തായന്നൂർ സ്വദേശി അമ്പാടിയെയാണ് കാസർകോട് അഡിഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2016 ജൂണ്‍ 21നാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യ നാരായണിയെ പ്രതി കൊലപ്പെടുത്തിയത്.
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്‌താംപാറ കോളനിയിൽ ആണ് കൊലപാതകം നടന്നത്. സംഭവ ദിവസം പുലർച്ചെ മൂന്ന് മണിയോടെ പ്രതിയായ അമ്പാടി കിടന്നുറങ്ങുകയായിരുന്ന തന്‍റെ ഭാര്യ നാരായണിയുടെ ശരീരത്തിലേക്ക് ആട്ടുകല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയോടുള്ള സംശയമായിരുന്നു കൊലപാതകത്തിന് കാരണം.
ചാരായ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്ന അമ്പാടിയെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കൊലപാതകത്തിന്‍റെ ദൃക്‌സാക്ഷികൾ ആയിരുന്ന അമ്പാടിയുടെ മൂന്ന് ആൺമക്കളിൽ മൂത്ത മകന്‍റെ പരാതിയിലും രഹസ്യ മൊഴിയിലും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൽ പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തിയത്. അന്നത്തെ ബേക്കൽ സർക്കിൾ ഇൻസ്‌പെക്‌ടറും നിലവിൽ കാസർകോട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുമായ വി കെ വിശ്വംഭരനാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ വിചാരണ വേളയിൽ ദൃക്‌സാക്ഷികളായ മൂന്ന് മക്കൾ അടക്കം നിരവധി പേർ കൂറുമാറിയിരുന്നു.
പരാതിക്കാരനും ദൃക്‌സാക്ഷികളും കൂറുമാറിയെങ്കിലും കേസ് വിജയത്തിലെത്തിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. മുപ്പതോളം സാക്ഷികളെയും, 75 ഓളം വരുന്ന രേഖകളും വിസ്‌തരിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ല അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ ഹാജരായി.
ഭാര്യയെ കുത്തി കൊലപ്പടുത്തി ഭർത്താവ്: ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഝാൻസിയിലെ ബിജൗലി സ്വദേശിയായ സഞ്ജീവ് റൈക്വാറാണ് ഭാര്യ രേഖയെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.
രണ്ട് സഹോദരന്മാരുടെ കുടുംബങ്ങളോടൊപ്പമാണ് സഞ്ജീവ് റൈക്വാറും ഭാര്യയും അഞ്ച് മക്കളും താമസിച്ചിരുന്നത്. കുറച്ചുകാലം മുമ്പ് ഇയാളുടെ സഹോദരൻ മരിച്ചിരുന്നു. ഇതിന് ശേഷം സഞ്ജീവ് സഹോദരന്‍റെ ഭാര്യയുമായി അടുപ്പത്തിലായി. ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നു.
അതോടൊപ്പം രേഖയെ മാതൃവീട്ടിൽ പോകാന്‍ സഞ്ജീവ് അനുവദിക്കാത്തതിലും ഇരുവർക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. പിന്നീട് ബിജൗലി ചൗക്കി ഏരിയയിലെ രാജ്‌ഗഡില്‍ സഞ്ജീവ് സ്വന്തമായി വീട് നിർമിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങി. ഇതിന് ശേഷവും ഇയാൾ സഹോദരന്‍റെ ഭാര്യയുമായി ബന്ധം തുടർന്നിരുന്നു. ഈ ബന്ധത്തെ ഭാര്യ നിരന്തരം ചോദ്യം ചെയ്‌തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവ ദിവസം സഞ്ജീവ് വീട്ടിൽ വളർത്തുന്ന കോഴിയെ അറുത്ത് പാകം ചെയ്‌തിരുന്നു. ഈ കറിയിൽ ലഹരി കലർത്തി പ്രതി രേഖയ്‌ക്കും അഞ്ച് മക്കൾക്കും നൽകി. കുറച്ച് സമയത്തിന് ശേഷം ഇവർ അബോധാവസ്ഥയിലാവുകയും സഞ്ജീവ് കോഴിയെ കൊല്ലാനുപയോഗിച്ച അതേ കത്തി കൊണ്ട് രേഖയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.