കാസര്‍കോട്: കാസര്‍കോട്ടെ പ്രധാന വാണിജ്യ കേന്ദ്രമായ കാഞ്ഞങ്ങാട് പൈതൃക നഗരമാകുന്നു. പുതിയ കോട്ടയടക്കമുള്ള ചരിത്ര സ്മാരകങ്ങളെ ടൂറിസം കേന്ദ്രമായി വികസിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. 22.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറായി.
അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന കാസര്‍കോട്ടെ പ്രധാന നഗരങ്ങളിലൊന്നാണ് കാഞ്ഞങ്ങാട്. നിത്യാനന്ദ കോട്ട, ഹൊസ്ദുര്‍ഗ് കോട്ട, സ്മൃതി മണ്ഡപം, ഗാന്ധിപാര്‍ക്ക് തുടങ്ങിയ ചരിത്ര സ്മാരകങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന നഗരം. എന്ത് കൊണ്ടും കാസര്കോടിന്റെ ചരിത്രത്തില്‍ മുന്‍പന്തിയിലാണ് ഈ നഗരം. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന നഗരത്തില്‍ ടൂറിസം രംഗത്തിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയാണ് പൈതൃക നഗരം പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യപടിയായി 62 സെന്റ് സ്ഥലത്ത് ടൗണ്‍ സ്‌ക്വയര്‍ നിര്‍മ്മിക്കും. സ്മൃതി മണ്ഡപം മുതല്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് വരെയുള്ള സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. 22.5 കോടി രൂപ ചിലവില്‍ 90 സെന്റ് സ്ഥലത്താണ് കാഞ്ഞങ്ങാട് പൈതൃക നഗരമെന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.