കാസർകോട്: രാജ്യത്ത് അംഗ പരിമിത നിര്‍ണയ നിയമം പൂര്‍ണമായി നടപ്പിലാക്കിയ ആദ്യ ജില്ലയായി കാസര്‍കോട്. വിഡിസര്‍വ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അംഗപരിമിതരായ 1433 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി.
ശരിയായ വ്യക്തിക്ക് ശരിയായ സമയത്ത് ആവശ്യമായ സഹായം എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 336 അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മുനീസ അമ്പലത്തറയ്ക്ക് ബ്രയ്‌ലികെയ്‌നും, സ്മാര്‍ട്ട് ഫോണും നല്‍കി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഖ്യാപിക്കുന്ന പദ്ധതികൾ ജനോപകാരപ്രദമായ രീതിയില്‍ നടപ്പാക്കുമ്പോഴാണ് അര്‍ഹരായ ആളുകള്‍ക്ക് അതിന്‍റെ ഗുണഫലം ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ സംഘടിപ്പിക്കുന്ന അംഗപരിമിത നിര്‍ണ്ണയക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് 18672 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1535 പേരെയും രണ്ടാംഘട്ടത്തില്‍ 1846പേരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.