കാസർകോട് : ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. റോഡുകളിലും, കൃഷിയിടങ്ങളിലും വെള്ളം കയറി. പല സ്ഥലത്തും വാഹന ഗതാഗതവും താറുമാറായി.
വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പനത്തടി കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ തച്ചർക്കടവ് പാലം പൂർണമായി വെള്ളത്തിൽ മുങ്ങി. തേജസ്വിനി, മധുവാഹിനി പുഴകൾ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പാലായിലും, മധൂർ ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.
Also Read: മഴ മുന്നറിയിപ്പിൽ മാറ്റം ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്
അതിനിടെ കനത്ത മഴയ്‌ക്കൊപ്പം വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി വില്ലേജിൽ ഭൂചലനം ഉണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ല കാസർകോടാണ്. ജൂൺ 1 മുതൽ ജൂലൈ 10 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 1300 മില്ലീമീറ്ററാണ്. എന്നാൽ നിലവിൽ ലഭിച്ചത് 1302 ആണ്.