കാസർകോട്: വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് ഗ്രൂപ്പ് അഡ്‌മിനെതിരെ സൈബർ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. മുമ്പ് പകര്‍ത്തിയ ഒരു വീഡിയോ വിദ്വേഷവും പ്രകോപനപരവുമായ രീതിയിൽ എഡിറ്റ് ചെയ്‌ത് കാഞ്ഞങ്ങാട് റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടിയെത്തുന്നത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുമെന്നും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്നും കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു. അതിനിടെ കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായിട്ടുണ്ട്. കുഞ്ഞി അഹമ്മദ്(50) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി.
മാത്രമല്ല സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം പൊലീസ് കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ കർശന വാഹനപരിശോധനയും ശക്തമാക്കി. സംഭവത്തിൽ കണ്ടാലറിയുന്ന മുന്നൂറോളം പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
ഐപിസി 143, 147, 157 (A) വകുപ്പുകൾ പ്രകാരം മതസ്‌പർധ വളർത്തൽ, നിയമ വിരുദ്ധമായി സംഘംചേരൽ വകുപ്പുകൾ പ്രകാരമാണ് കേസ്. മണിപ്പൂർ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യം ഉയർന്നത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച അബ്ദുൾ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് യൂത്ത് ലീഗ് പുറത്താക്കിയിരുന്നു.
ദുരുപയോഗം തടയാന്‍ വാട്‌സ്‌ആപ്പും: അടുത്തിടെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായി ജനുവരി മാസത്തില്‍ ഇന്ത്യയിലെ 29 ലക്ഷം ഉപയോക്താക്കളെ നിരോധിച്ചതായി മെറ്റയുടെ കീഴിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ലെ ഐടി നിയമത്തിന് കീഴില്‍ എല്ലാ മാസവും വാട്‌സ്‌ആപ്പ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികള്‍, അതില്‍ കമ്പനി സ്വീകരിച്ച നടപടികള്‍, പ്ലാറ്റ്‌ഫോമിലുണ്ടാകുന്ന ദുരുപയോഗങ്ങള്‍ തടയാനുള്ള വാട്‌സ്ആപ്പിന്‍റെ പ്രതിരോധ നടപടികള്‍ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട ഉപയോക്തൃ സുരക്ഷ റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കിയിരുന്നു.
ഈ റിപ്പോര്‍ട്ട് പ്രകാരം ജനുവരിയില്‍ വാട്‌സ്ആപ്പ് 2.9 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നുവെന്ന് കമ്പനി വക്താവാണ് അറിയിച്ചത്. മാത്രമല്ല മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കളെ സുരക്ഷിതരായി നിലനിര്‍ത്താന്‍ കമ്പനി വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, അത്യാധുനിക സാങ്കേതിക വിദ്യ, ഡാറ്റ സയന്‍റിസ്റ്റുകള്‍ എന്നിവയുടെ സഹായം തേടുന്നതായും വാട്‌സ്‌ആപ്പ് വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്ന് മുതല്‍ 31 വരെ ഇന്ത്യയില്‍ നിന്ന് 1,461 പരാതികളാണ് വാട്‌സ്‌ആപ്പ് അക്കൗണ്ടുകളെ ചൊല്ലി റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 195 പരാതികളില്‍ നടപടി സ്വീകരിച്ചതായും കമ്പനി അറിയിച്ചിരുന്നു.