കാസർകോട്: കളിമണ്ണ് കൊണ്ട് മാലയും കമ്മലും മോതിരവും…ഹാർഡ്ബോർഡ് കൊണ്ട് വീണയും ഗിറ്റാറും വിളക്കും…മരം കൊണ്ട് വിവിധ കരകൗശല വസ്‌തുക്കൾ... സനിലിന്‍റെ കയ്യിൽ ഇങ്ങനെ എന്ത് കിട്ടിയാലും മനോഹര രൂപങ്ങളായി മാറും. ഒറിജിനലിനെ വെല്ലുന്നതാണ് സനിൽ നിർമിക്കുന്നതെല്ലാം.
കെട്ടിട നിർമാണ തൊഴിലാളിയായ പിലിക്കോട് എരവിൽ സനിലിന്‍റെ ഇരു വൃക്കകളും തകരാറിലായതോടെ ജോലിക്ക് പോകാൻ കഴിയാതെയായി. വീട്ടിൽ വിശ്രമിക്കുന്ന സമയത്ത് ആദ്യം തുടങ്ങിയത് കളിമണ്ണ് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കാനായിരുന്നു. കളിമണ്ണ് ചുട്ടെടുത്ത് ആയിരുന്നു നിർമാണം. ഫാബ്രിക് പെയിന്‍റ് ഉപയോഗിച്ചാണ് വർണ്ണങ്ങൾ ചാർത്തുന്നത്.
നാട്ടിലുള്ള ചിലർ വാങ്ങാൻ തുടങ്ങിയതോടെ സനിലിന്‍റെ ടെറാക്കോട്ട ആഭരണങ്ങൾക്ക് പ്രിയമേറി. കളിമൺ ആഭരണപ്പെരുമ കേട്ടറിഞ്ഞ് വിദേശികളടക്കം വാങ്ങാൻ എത്തിയിരുന്നു. ദുബായിലേക്കും ജപ്പാനിലേക്കുമെല്ലാം സനിലിന്‍റെ കരകൗശല ഉൽപന്നങ്ങൾ കൊണ്ടുപോയിട്ടുണ്ട്. ഇപ്പോൾ സനിലിന്‍റെ വീട് മുഴുവൻ ഹൗസ് ബോട്ട്, ചക്ക, നിലവിളക്ക്, അടുക്കള സാധനങ്ങൾ തുടങ്ങി ഹാർഡ്ബോർഡിലും മരത്തിലും നിർമിച്ച കരകൗശല വസ്‌തുക്കളാണ്.
ആവശ്യക്കാർ കൂടിയതോടെ പല നിറത്തിലും വലിപ്പത്തിലുമുള്ള കോപ്പർ ബോൻസായി നിർമിക്കുന്ന തിരക്കിലാണ് സനിൽ ഇപ്പോൾ.
പണിതീരാത്ത കുടുംബവീട്ടിലാണ് അവിവാഹിതനായ ഈ നാൽപതുകാരന്‍റെ താമസം. ആയാസമുള്ള ജോലികൾ ചെയ്യാനാവാത്ത സനിൽ ആഭരണങ്ങളും ശിൽപങ്ങളും പണിയുന്നതും ഇവിടെ വച്ചുതന്നെയാണ്. ഇപ്പോൾ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതുൾപ്പെടെയുള്ള ഉപജീവനമാർഗമാണ് സനിലിന് കരകൗശല വിദ്യ.