കാസര്‍കോട് പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ അഞ്ച് വിദ്യാർഥികൾക്കും ഒരു മേട്രണും എച്ച്1എൻ1 സ്ഥിരീകരിച്ചു. മൊത്തം 520 വിദ്യാർഥികളാണുള്ളത്. അതിൽ 72 കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. 67 കുട്ടികളുടെ രക്തസാമ്പിളുകൾ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചു.
മണിപ്പാലിലേക്ക് അയച്ച ആറ് സ്രവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളെ കൂട്ടത്തോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളിൽ തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ആരോഗ്യവകുപ്പിന്‍റെ നേതൃത്യത്തിൽ ചികിത്സ ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്.
37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എച്ച്1എന്‍1 ബാധയുടെ ഉറവിടം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. അധ്യാപകരും അനധ്യാപകരും കുടുംബങ്ങളുമായി 200 പേരോളം താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.