കാസര്‍കോട്: ഇറ്റാലിയൻ നിർമ്മിത കൈതോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിങ് വിദ്യാർഥി പൊലീസ് പിടിയിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ഷാക്കിബിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടെ ഉണ്ടായിരുന്ന രണ്ടുപേർ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. നൈറ്റ് പട്രോളിങ്ങിനിടെ ബേക്കൽ ബീച്ചിന് അടുത്തുള്ള റസ്റ്റോറന്‍റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ നിന്നാണ് നിറതോക്കും മയക്കുമരുന്നും കണ്ടെത്തിയത്. നാല് തിര നിറച്ച നിലയിലായിരുന്നു തോക്ക്. കാറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബേക്കൽ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇരുവരെയും തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.
കാർ പരിശോധിച്ചപ്പോഴാണ് മുൻ സീറ്റിന്‍റെ സമീപത്ത് നിന്നും തോക്ക് ലഭിച്ചത്. ഡാഷ് ബോർഡിനകത്ത് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു 20 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കർണാടക രജിസ്ട്രേഷനിലുള്ള കാർ വാടകക്കെടുത്തതാണ്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘാംഗങ്ങളാണ് കാറിൽ ഉണ്ടായിരുന്നത്. നേരത്തെ ബേക്കൽ പാലക്കുന്നിൽ വെടിയുതിർത്ത സംഘവുമായും ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. പിടിയിലായ ഷാക്കിബിനെതിരെ കോഴിക്കോടും മയക്കുമരുന്ന് കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.