കാസര്‍കോട്: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പാടത്ത് ഞാറ് നട്ട് ജനകീയ കൂട്ടായ്മ. തരിശിട്ട പാടങ്ങളില്‍ പൊന്‍കതിര്‍ വിളയിക്കാനാണ് നാടൊന്നാകെ കൈകോര്‍ത്തത്. കാസര്‍കോട് അമേയ് കോളനിയിലെ പാടത്തെ മഴപ്പൊലിമക്കായാണ് നാടാകെ രംഗത്തിറങ്ങിയത്. പാടങ്ങളെ സമൃദ്ധിയിലേക്ക് തിരിച്ചുപിടിക്കാനുള്ള കുടുംബശ്രീ ശ്രമങ്ങള്‍ക്കാണ് നാട്ടുകൂട്ടത്തിന്റെ പിന്തുണ. കൃഷിയിറക്കുന്നതിനായി ഉഴുതുമറിച്ച പാടത്ത് ആവേശമായി വിവിധ മത്സരങ്ങളും നടത്തി. ആര്‍ത്തലക്കുന്ന മഴക്കിടയില്‍ അമ്മമാര്‍ക്കൊപ്പം കുട്ടികളും പാടത്തിറങ്ങിയപ്പോള്‍ കരയിലും ആവേശം.
ചേറും ചെളിയും നിറഞ്ഞ പാടത്ത് പാളത്തൊപ്പി ധരിച്ചെത്തിയ എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും ഞാറു നട്ടു. എല്ലാ മേഖലയിലും സ്വയം പര്യാപ്തരാകണമെന്നും ജൈവ കാര്‍ഷിക സംസ്‌കാരം നാടിന് അത്യാവശ്യമാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അമേയ് കോളനിയിലെ ഒന്നരയേക്കറിലാണ് നെല്‍കൃഷിയിറക്കുന്നത്. സമാനമായി കാസര്‍കോട് നഗരത്തിന്റെ പലഭാഗത്തും നെല്‍കൃഷിയിറക്കുന്നുണ്ട്.