കാസർകോട്: യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവർത്തന സജ്ജമായി കാസർകോട് ഗവൺമെന്‍റ് മെഡിക്കൽ കോളജ്. ജില്ലയെ ആശങ്കപ്പെടുത്തും വിധം കൊവിഡ് രോഗികൾ വർധിച്ചതോടെയാണ് നാല് നില കെട്ടിടം കൊവിഡ് ആശുപത്രിയാക്കി സർക്കാർ പ്രഖ്യാപിച്ചത്. ഇവിടേക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്‌ടർമാരടക്കമുള്ള 25 അംഗ വിദഗ്ധ സംഘം തിങ്കളാഴ്ചയെത്തും.
ഞായറാഴ്‌ച വൈകിട്ട് മുതല്‍ കൊവിഡ് രോഗ ബാധിതരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു തുടങ്ങി. ജില്ലയുടെ പരിമിതമായ പൊതു ആരോഗ്യ സൗകര്യങ്ങൾ കണ്ടാണ് മെഡിക്കൽ കോളജിനെ അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയത്. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും.
ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കെഎസ്‌ഇബി പത്ത് കോടി രൂപ വാഗ്‌ദാനം ചെയ്തിട്ടുമുണ്ട്. ഈ തുകയില്‍ നിന്നും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും നടപടിയായി. ഇലക്‌ട്രൊ കാര്‍ഡിയോഗ്രാം, മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ കാരണം വെന്‍റിലേറ്റര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇതെല്ലാം തന്നെ ഉടന്‍ ആശുപത്രിയിലെത്തിക്കാൻ നടപടി സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു. ഡോക്‌ടര്‍മാര്‍, ഹെഡ് നേഴ്‌സ്, സ്റ്റാഫ് നേഴ്‌സ്, നേഴ്‌സിങ് അസിസ്റ്റന്‍റ് എന്നിങ്ങനെ പതിനേഴോളം പേരെയാണ് ആശുപത്രിയില്‍ നിയമിക്കുക. അടിയന്തര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എത്തിക്കുക. വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജ് പരിസരത്ത് 160 കെവി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു.