കാസര്‍കോട് : വനിതകൾക്കായി സ്ത്രീ സൗഹൃദ ഹെൽത്ത് ക്ലബ് തയ്യാറാക്കി കാസർകോട്ടെ ഒരു തദ്ദേശ സ്ഥാപനം. വനിതാ പരിശീലകരെയടക്കം നിയമിച്ചുകൊണ്ടാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഹെൽത്ത് ക്ലബിന്‍റെ പ്രവർത്തനം.സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനത്തിന്‍റെ നേതൃത്വത്തിൽ വനിതാ ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നത്.
വീടിന്‍റെ അകത്തളങ്ങളിൽ മാത്രം കഴിഞ്ഞുകൂടേണ്ടി വരുന്നവരാണ് നാട്ടിൻ പുറങ്ങളിലെ സ്ത്രീകൾ അധികവും.ആരോഗ്യ സംരക്ഷണത്തിനായി വ്യായാമങ്ങൾ ചെയ്യാൻ പോലും സ്ത്രീകൾക്ക് അവസരം ലഭിക്കാറില്ല. ഇതിന് പരിഹാരം കാണുകയാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. വനിതകളുടെ ശാരീരികവും മാനസികവുമായ ഉണർവാണ് ഈ ആശയത്തിലൂടെ പ്രാവർത്തികമാക്കുന്നത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹെൽത്ത് ക്ലബ് പദ്ധതി ആവിഷ്കരിച്ചത്. വനിതാ ദിനത്തിൽ നാടിന് സമർപ്പിക്കപ്പെട്ട ഹെൽത്ത് ക്ലബിലേക്ക് അപേക്ഷകരുടെ പ്രവാഹമാണ്. ട്രെഡ്മിൽ, സ്പിൻ ബൈക്ക് അടക്കമുള്ള ഉപകരണങ്ങൾ ആണ് ഇപ്പോൾ ഹെൽത്ത് ക്ലബിൽ ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് വിപുലീകരിക്കാനും കൂടുതൽ സ്ത്രീകൾക്ക് പരിശീലനത്തിന് അവസരമൊരുക്കാനും ബ്ലോക്ക് പഞ്ചായത്തിന് പദ്ധതിയുണ്ട്.