കാസർകോട്: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയ ഭീമൻ താറാവ് കൂട് ശ്രദ്ധേയമാകുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ഒന്നു വരെ നടക്കുന്ന ഫാം കാർണിവലിന്‍റെ ഭാഗമായാണ് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ താറാവ് കൃഷിക്കായി ഭീമൻ താറാവ് കൂടിന്‍റെ പണി പൂർത്തീകരിച്ചത്. 12 മീറ്റർ നീളവും 6 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമുള്ളതാണ് കൂറ്റൻ താറാവ് കൂട്.
കേന്ദ്രത്തിലെ നെൽ വയലിന് സമീപമാണ് താറാവ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ജൈവ ഉത്പാദന ഉപാധിയായ സംയോജിത കൃഷിയിൽ പ്രധാനപ്പെട്ട ഒന്നാണ് നെല്ലും താറാവും ഉപയോഗിച്ചുള്ള സംയുക്ത കൃഷി. ഈ സന്ദേശം കൈമാറുകയാണ് താറാവ് കൂടിന്‍റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
പല സ്ഥലങ്ങളിലും താറാവ് കൂടുകൾ ഉണ്ടെങ്കിലും അവയിൽ നിന്ന് വ്യത്യസ്‌തമായി താറാവിന്‍റെ ആകൃതിയിലാണ് കൂട് പണിതിരിക്കുന്നത്. കൃഷിയും വിനോദവും ഒന്നിച്ച് കൊണ്ടുപോകുന്ന ഫാം ടൂറിസവും ഇതിലൂടെ ലക്ഷ്യമിടുന്നു. ഫാം കാർണിവലിൽ കാണികൾക്ക് ഈ താറാവ് കൂട് തുറന്നുകൊടുക്കും.
കുട്ടികളടക്കം നിരവധി ആളുകളാണ് താറാവ് കൂട് കാണാൻ എത്തുന്നത്. ഫാം കാർണിവലിന്‍റെ ഭാഗമായി ചിത്രകാരന്മാരുടെ കലാവിരുന്നും ഒരുക്കും. 150 മീറ്ററോളം വരുന്ന കാൻവാസിലാണ് പെയിന്‍റിങ് ഒരുക്കുന്നത്. പ്രമുഖ ചിത്രകാരന്മാരായ തങ്കരാജ് കൊഴുമ്മൽ, എം പ്രേംനാഥ്, പീറ്റർ കൊളക്കാട്, വിപിൻ ഇരിട്ടി, അസ്‌കർ ആർ പി, സുരഭി ഈയ്യക്കാട്, വരുൺ വേണുഗോപാൽ, സാധിക പി എം എന്നിവരാണ് പെയിന്‍റിങിൽ പങ്കെടുക്കുന്നത്. ചിത്രങ്ങൾ ഫാം കാർണിവലിന് മുന്നോടിയായി പൊതുജനങ്ങൾക്ക് കാണാനാവും.