കാസർകോട്: ഒരു കുടുംബത്തിന്‍റെ മുഴുവൻ അംഗങ്ങളുടെയും പിറന്നാൾ ഒരേ ദിവസം വരുന്നത് വളരെ അപൂർവമാണ്. അത്തരത്തിൽ എല്ലാവരുടെയും പിറന്നാൾ ഒരുദിവസം ആഘോഷിക്കുന്ന ഒരു കുടുംബമുണ്ട്. കാസർകോട് - കണ്ണൂർ അതിർത്തിയിലെ പാടിയോട്ടുംചാൽ ഗ്രാമത്തിൽ അനീഷ് കുമാറും കുടുംബവുമാണ് ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്നത്.
അനീഷിന്‍റെ ജന്മദിനം 1980 മെയ് 25നും, ഭാര്യ അജിതയുടേത് 1987 മെയ് 25നും മകൾ ആരാധ്യയുടെത് 2012 മെയ് 25 നും, മകൻ ആഗ്നെയുടേത് 2019 മെയ് 25നുമാണ്. കല്യാണനിശ്ചയ ചടങ്ങിന്‍റെ അന്നാണ് അനീഷ് കുമാറിന്‍റെയും അജിതയുടെയും ജന്മദിനം ഒരു ദിവസം ആണെന്ന് അറിഞ്ഞത്.
ആദ്യത്തെ മകൾ ജനിച്ചതും അച്ഛനും അമ്മയും ജനിച്ച അതേ ദിവസം. 2019ൽ മകനും ഇതേ ദിവസം ജനിച്ചപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് അനീഷും അജിതയും പറയുന്നു. നാലു പേരുടെയും പേരിന്‍റെ ആദ്യ അക്ഷരവും ഒരുപോലെ തന്നെ.
കൊവിഡ് കാലമായതിനാൽ കഴിഞ്ഞ വർഷം വലിയ ആഘോഷമില്ലാതെയായിരുന്നു പിറന്നാൾ. എന്നാൽ ഇത്തവണ എല്ലാവരുടെയും പേര് ഒന്നിച്ചെഴുതി ഒരുമിച്ചാണ് കേക്ക് മുറിച്ചത്. കുടുംബക്കാരെയെല്ലാം ക്ഷണിച്ച് ആഘോഷത്തോടെയാണ് നാലുപേരുടെയും ജന്മദിനം ആഘോഷിച്ചത്. വിദേശത്ത് ആയിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ കൃഷിപ്പണി ചെയ്യുകയാണ്. അജിത നേഴ്‌സ് ആണ്.