കാസര്‍കോട്: ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി. ഹോട്ടലുകളിലെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുവാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഹോട്ടലുകളില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വിളമ്പുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും തട്ടുകടകളിലുമാണ് പരിശോധന. നോട്ടീസ് ലഭിച്ച ഹോട്ടലുടമകൾക്ക് വിശദീകരണം നല്‍കാന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളിലെ ശുചിത്വവും ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറപ്പു വരുത്തി മികച്ച സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കാനും ആരോഗ്യവകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പരിപാടികളും നടത്താനും വരും ദിവസങ്ങളില്‍ പരിശോധനകള്‍ തുടരാനുമാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.