കാസര്‍കോട്: രോഗങ്ങളുടെ മൊത്തവിതരണ കേന്ദ്രമായി കാസര്‍കോട്ടെ മത്സ്യമാര്‍ക്കറ്റ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ നിലയിലാണ് മാര്‍ക്കറ്റ് പരിസരം. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പുഴുക്കള്‍ പൊങ്ങിത്തുടങ്ങി. അങ്ങിങ്ങായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, കെട്ടിക്കിടക്കുന്ന മലിനജലം ഇതാണ് കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാര്ക്കറ്റിന്റെ ഇന്നത്തെ അവസ്ഥ. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ മാര്‍ക്കറ്റിലോട്ട് കടന്നു വരാനാകില്ല. മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗങ്ങള്‍ കൂടി വിതരണം ചെയ്യുന്ന കേന്ദ്രമായി മാറുകയാണ് ഈ മോഡേണ്‍ മാര്‍ക്കറ്റ്. പേരില്‍ മോഡേണാണെങ്കിലും അത്രകണ്ട് മെച്ചമല്ല മാര്‍ക്കറ്റും പരിസരവും.
മാലിന്യത്തില്‍ കൊതുകുകള്‍ പെറ്റു പെരുകാന്‍ തുടങ്ങിയതോടെ മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ ഭൂരിഭാഗവും പനി പിടിപെട്ട് കിടപ്പിലായി. മാര്‍ക്കറ്റിനകത്തേക്ക് കടന്നു പോകുമ്പോള്‍ തന്നെ അസ്വസ്ഥത ഉണ്ടാകുന്നെന്ന് ഉപഭോക്താക്കളും പറയുന്നു. അന്നം മുട്ടാതിരിക്കാനാണ് എല്ലാം സഹിച്ചും മത്സ്യവില്‍പ്പനക്കെത്തുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.