കാസര്‍കോട് : ബയോഫ്‌ളോക്ക് മത്സ്യ കൃഷിയില്‍ വിജയം കൊയ്ത് മുന്‍ പ്രവാസി. കാസര്‍കോട് രാവണേശ്വരം കൊട്ടിലംഗാട് മീത്തല്‍ വീട്ടില്‍ കുഞ്ഞിരാമനാണ് മത്സ്യകൃഷിയില്‍ നൂറുമേനി വിജയം നേടിയത്. എന്തെങ്കിലും തൊഴിലെടുത്ത് കഴിഞ്ഞുകൂടാം എന്ന കണക്കുകൂട്ടലിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു കുഞ്ഞിരാമന്‍. എന്നാൽ പ്രതീക്ഷയെല്ലാം കൊവിഡ് പിടിച്ചുകെട്ടി. ഇതിനിടെയാണ് കൃഷിയില്‍ ഒരു കൈ നോക്കിയത്. വാഴ, നെല്ല്, പച്ചക്കറി കൃഷികള്‍ വിജയം കണ്ടതോടെയാണ് കുഞ്ഞിരാമന്‍ മത്സ്യകൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും ഫിഷറീസ് വകുപ്പിന്‍റെയും സഹകരണത്തോടെയാണ് വീട്ടുമുറ്റത്ത് ബയോഫ്‌ളോക്ക് മത്സ്യ കൃഷി ആരംഭിച്ചത്. 5 മീറ്റര്‍ നീളവും ഒന്നര അടി പൊക്കവുമുള്ള വൃത്താകൃതിയിലുള്ള കുളം നിര്‍മ്മിച്ച് അതില്‍ 1200 ഓളം തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആയിരുന്നു കൃഷിക്ക് തുടക്കമിട്ടത്. കഴിഞ്ഞ നവംബറിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കൊവിഡിനെത്തുടര്‍ന്ന് വിളവെടുപ്പ് അല്‍പം നീണ്ടുപോയങ്കിലും നല്ല ഫലം ലഭിച്ചെന്ന് ഇദ്ദേഹം പറഞ്ഞു.
ALSO READ: ന്യൂനപക്ഷ അനുപാതം : സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
വിളവെടുപ്പില്‍ ലഭിച്ച ഒരു മത്സ്യത്തിന് 600 ഗ്രാമോളം തൂക്കമുണ്ട്. 1200 ഓളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് നടത്തിയ കൃഷിയില്‍ നാല് കിന്‍റലോളം വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. മത്സ്യകൃഷി പരിപാലനത്തില്‍ കുഞ്ഞിരാമനൊപ്പം ഭാര്യ ബീനയും മക്കളായ അക്ഷയയും അശ്വിനിയും സഹായത്തിനുണ്ട്. മത്സ്യ കൃഷി വിളവെടുപ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. മണികണ്ഠന്‍ നിര്‍വഹിച്ചു.