കാസർകോട് : 'മിന്നൂ...' എന്ന് വിളിച്ചാൽ എവിടെയാണേലും അടുത്തുവരും. ഇടയ്‌ക്ക് കൊഞ്ചി കൊഞ്ചി സംസാരിക്കും. കാസർകോട് ബങ്കളത്തെ കെ.വി മധുവിന്‍റെ വീട്ടിലെ അംഗമായി മാറിയ ഒരു മൈനയെക്കുറിച്ചാണ് പറയുന്നത്. മിന്നു മൈനയും ഈ കുടുംബവും തമ്മിലെ ആത്മബന്ധം ആരെയും അതിശയിപ്പിക്കും.
മധുവിന്‍റെ മക്കളായ ആരോമലിന്‍റേയും അമൽ രാജിന്‍റേയും ഉറ്റ സുഹൃത്താണിപ്പോള്‍ മിന്നു. ഇവർ സ്‌കൂളിൽ പോകുമ്പോൾ മാത്രമേ കൂട്ടിലാക്കാറുള്ളൂ. അല്ലാത്ത സമയങ്ങളില്‍ മിന്നു ഇവരുടെ കൂടെ കാണും. കൈയിലും തലയിലും കയറി കളിച്ചുകൊണ്ടിരിക്കും. പഠിക്കുമ്പോൾ പുസ്‌തകത്തില്‍ കയറിയിരിക്കും. മുത്തം നൽകാൻ പറഞ്ഞാൽ അതിനും മിന്നുവിന് മടിയില്ല.
സ്‌കൂള്‍ വിട്ടുവരുന്ന ആരോമലിന്‍റെ ശബ്‌ദം ദൂരെനിന്നും കേട്ടാൽ മതി മിന്നു ബഹളംവയ്ക്കും. ദാഹിച്ചാൽ നേരെ പൈപ്പിന് മുന്നിൽ നിന്ന് കരയും. ദിവസവും രാവിലെ ഒരു കുളിയും നിർബന്ധമാണ്. ചെറിയ പ്രാണികളാണ് ഇഷ്‌ട ഭക്ഷണം. ഒന്നര വർഷം മുന്‍പ് പൊട്ടിവീണ തെങ്ങിന്‍റെ പൊത്തിൽ നിന്നാണ് മധുവിന്‍റെ വീട്ടുകാര്‍ക്ക് രണ്ട് മൈനക്കുഞ്ഞുങ്ങളെ കിട്ടിയത്.
അതില്‍ ഒന്ന് ചത്തുപോയി. മറ്റൊന്നിനെ മിന്നുവെന്ന് പേരിട്ട് പരിചരിച്ചതോടെ, കൂടുതല്‍ ഇണങ്ങിവരുന്ന കാഴ്‌ചയാണ് വീട്ടുകാര്‍ കണ്ടത്. പറക്കാൻ പാകമായപ്പോൾ പറത്തിവിട്ടെങ്കിലും പോകാൻ മിന്നു തയ്യാറായില്ല. അന്നുമുതൽ മൈനയെ വീട്ടിലെ അംഗമായാണ് മധുവിന്‍റെ കുടുംബം കാണുന്നത്. മൈനയെ കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. കൂട്ടത്തില്‍ മൈനക്കൂട്ടവും ഉണ്ടാവാറുണ്ട്. ആളുകളെ ഇഷ്‌ടപ്പെട്ടില്ലെങ്കിൽ തലയിൽ കൊത്തി ഓടിക്കുന്ന കുറുമ്പും മിന്നുവിനുണ്ട്.