കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ പണം ഈടാക്കി കൊവിഡ് ടെസ്റ്റ് നടത്തുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പ്രവാസികളെ ലക്ഷ്യമിട്ടുള്ള പരിശോധനയുടെ വിവരങ്ങളെന്ന പേരിലാണ് വാട്‌സ്‌ആപ്പില്‍ സന്ദേശം പ്രചരിക്കുന്നത്. കേന്ദ്ര സര്‍വകലാശാലയുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെയാണ് പ്രചാരണം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കിയെന്നും അതിനുള്ള ടെസ്റ്റ് പെരിയ കേന്ദ്ര സർവകലാശാലയിൽ ലഭ്യമാകുമെന്നും 2000 രൂപയും ഡോക്‌ടര്‍ ഫീസും നൽകി രാവിലെ 10 മണി മുതല്‍ 1 മണി വരെ പരിശോധിക്കുമെന്നുമാണ് സന്ദേശം.
പോകുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്നും അത് ഇല്ലാത്തവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ കരുതണമെന്നും ക്വാറന്റീൻ കാലാവധി കഴിഞ്ഞവര്‍ ആണെങ്കില്‍ അതിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടുപോകണമെന്നും സന്ദേശത്തിലുണ്ട്. 24 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് കിട്ടുമെന്ന് പറഞ്ഞ് സർവകലാശാല വിലാസവും ഫോൺ നമ്പറും സഹിതമാണ് വാട്സ് ആപ്പ് സന്ദേശം ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ ഇപ്രകാരമുള്ള സേവനങ്ങള്‍ ഒന്നും ആരോഗ്യവകുപ്പ് കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ നല്‍കുന്നില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.