കാസര്‍കോട്: മത്സ്യ വില്പനക്കാർക്ക് കൊവിഡ് പരിശോധനക്ക് വിപുലമായ സംവിധാനം. മത്സ്യവിൽപന നടത്തുന്നവർ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ മത്സ്യ വിപണനം നടത്താൻ പാടുള്ളൂ എന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. കൂടുതൽ ആന്‍റിജന്‍ പരിശോധനാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കുന്നുണ്ട്.
കടപ്പുറത്തു നിന്നും മത്സ്യ വില്പനക്കായി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നവർ 21 ദിവസത്തിൽ ഒരു തവണ പരിശോധനയ്ക്ക് വിധേയമാകണമെന്ന നിബന്ധനയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനമായി.
കാസർകോട് കസബ കടപ്പുറം, കോട്ടിക്കുളം, അജാനൂർ, തൈക്കടപ്പുറം, മടക്കര ഹാർബർ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഒരു ദിവസം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുക. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. മറ്റു തീരദേശ മേഖലകളിലെ മത്സ്യവിൽപ്പന തൊഴിലാളികൾക്ക് അവർക്ക് അടുത്തുള്ള പരിശോധനാ കേന്ദ്രങ്ങളിൽ നിന്നും ആന്‍റിജൻ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ലഭ്യമാണ്. പുതിയതായി നിശ്ചയിക്കപ്പെട്ട പരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല അതത് പ്രദേശത്തെ മെഡിക്കൽ ഓഫീസറും പ്രവർത്തനങ്ങളുടെ ഏകോപനം ഹെൽത്ത് ഇൻസ്പെക്ടറും നിർവഹിക്കും.