കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ പൊലീസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ. അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധനകള്‍ നടത്തും. ആവശ്യമെങ്കില്‍ ജില്ലക്ക് പുറത്ത് നിന്നും പൊലീസുകാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നിലവില്‍ ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തൂകളാണുള്ളത്. ഇതില്‍ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബിള്‍ ബൂത്തുകളുണ്ട്. ഇവിടങ്ങളിലെല്ലാമെത്തി പരിശോധനകള്‍ നടത്തിയ ശേഷമാണ് വിഡിയോ കവറേജ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നേരത്തെ കള്ളവോട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന മേഖലകളില്‍ കൂടുതല്‍ സേനാ വിന്യാസമുണ്ടാകുമെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.