കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഞങ്ങളെയും കേള്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടിലാണ് ദുരിത ബാധിത കുടുംബങ്ങൾ ഒത്തുചേര്‍ന്നത്. അനര്‍ഹര്‍ കടന്നു കൂടിയെന്ന ജില്ലാ കളക്‌ടറുടെ റിപ്പോര്‍ട്ടിൽ ദുരിത ബാധിതരുടെ പട്ടിക പുനപരിശോധിക്കണെമന്ന നിലപാടാണ് ഇവരെ ആശങ്കയിലാക്കുന്നത്.
അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിച്ചുവെങ്കില്‍ രോഗാതുരമായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ എങ്ങനെ ഉത്തരവാദികളാകും എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. വോട്ട് ചോദിച്ച് വീടുകളില്‍ എത്തുന്നവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സങ്കടങ്ങള്‍ കൂടി മനസിലാക്കാന്‍ തയ്യാറാകണമെന്ന് പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു. ദുരിത ബാധിതരെ വെല്ലുവിളിച്ച് കലക്‌ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനംവെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറാവണമെന്നും പ്രതിഷേധക്കൂട്ടായ്‌മ ആവശ്യപ്പെട്ടു