കാസർകോട് : എൻഡോസൾഫാൻ ദുരിത ബാധിതനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി (Endosulfan Victim Suicide). മാലക്കല്ല് സ്വദേശി സജി മാത്യുവാണ് (52) മരിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 19) രാവിലെയാണ് മാത്യുവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായവും സൗജന്യ മരുന്ന് വിതരണവും മാത്യുവിന് അടുത്തിടെ നിഷേധിച്ചിരുന്നു. ഇതോടെ മാത്യു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മാലക്കല്ലിനടുത്ത് മലയോര മേഖലയില്‍ സജി മാത്യുവിന്‍റെ പേരില്‍ വസ്‌തുവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന് സഹായങ്ങള്‍ നിഷേധിക്കപ്പെട്ടത്. ദീര്‍ഘ നാളായി ചികിത്സയില്‍ കഴിയുന്ന ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821