കാസര്‍കോട്: 2017ലെ മെഡിക്കല്‍ ക്യാമ്പില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് കാസര്‍കോട് മുളിയാറില്‍ വീണ്ടും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നേരത്തെ ക്യാമ്പിനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 275പേര്‍ക്ക് പ്രത്യേകം സ്ലിപ്പ് നല്‍കിയായിരുന്നു പരിശോധന.
മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാംപില്‍ പരിശോധന നടത്തി. അതേസമയം നേരത്തെ സ്ലിപ്പ് ലഭിക്കാത്തവര്‍ കൂടി ക്യാമ്പില്‍ പങ്കെടുക്കാനെത്തിയെങ്കിലും അവര്‍ക്ക് പരിശോധന ലഭ്യമാകുമോ എന്ന കാര്യത്തില്‍ ആശങ്കയുയര്‍ന്നു. പിന്നീട് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ച നടത്തിയ ശേഷം അവര്‍ക്ക് കൂടി രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സൗകര്യമൊരുക്കി.
നേരത്തെ എന്‍ഡോസള്‍ഫാന്‍ സെല്‍യോഗത്തില്‍ പത്ത് ദിവസങ്ങളില്‍ ദുരിതബാധിതര്‍ക്കായി ക്യാമ്പ് നടത്തുമെന്ന് റവന്യൂമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നീട് അത് ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പാണെന്ന അറിയിപ്പ് വന്നതോടെ പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്നാണ് ഒരു ദിവസം എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ക്യാമ്പ് നടത്താനുള്ള തീരുമാനമുണ്ടായത്.
അതേ സമയം മുളിയാറിൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിനു പുറമേ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ജൂലൈ അവസാനം പുതിയ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുമെന്ന് എൻ എച്ച് എം ജില്ലാ പ്രോഗ്രാം മനേജർ ഡോ.രാമൻ സ്വാതി വാമൻ അറിയിച്ചു.
ആഗസ്റ്റിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനായി ജൂലായ് 20ന് ശേഷം അതത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റർ ചെയ്യണം. നേരത്തെ ക്യാമ്പുകളിൽ പങ്കെടുത്തിട്ടും ദുരിതബാധിത പട്ടികയിൽപെടാത്തവർക്ക് വേണ്ടിയാണ് പുതിയ ക്യാമ്പ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അതാത് പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫീസർമാർ നൽകുന്ന ലിസ്റ്റ് 11 ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിക്കും. ഇവർ നൽകുന്ന ലിസ്റ്റിൽ ഉൾപ്പെട്ടവരെയാകും മെഡിക്കൽ ക്യാമ്പിൽ 11 വിഭാഗങ്ങളിലായി പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കുക.