കാസര്‍കോട്: വർഷങ്ങളായി മുടങ്ങിക്കിടന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതീകമായ അമ്മയും കുഞ്ഞും ശിൽപത്തിന് ശാപമോക്ഷമാകുന്നു. ജനുവരിയിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ശില്‍പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. നിർമാണം തുടങ്ങി പതിനാറു വർഷത്തിന് ശേഷമാണ് ശില്‍പം പൂർത്തിയാക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്നുള്ള ശിൽപികളാണ് ഇപ്പോൾ നിർമാണത്തിലുള്ളത്. രാവിലെ മുതൽ കാനായി കുഞ്ഞിരാമനും ഭാര്യയും ഒപ്പമുണ്ടാകും. 2006 ലാണ് 20 ലക്ഷം രൂപ ചെലവിൽ കാസർകോട് ജില്ല് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ശിൽപം ഒരുക്കാൻ തീരുമാനമെടുത്തത്.
27 ലക്ഷം രൂപയാണ് ശിൽപനിർമാണത്തിനായി ഇതുവരെ ചെലവഴിച്ചത്. 2006 സെപ്റ്റംബർ ഒന്നിന് പദ്ധതിക്ക് ഡിപിസി അംഗീകാരം നൽകി. നിർമാണ ചുമതല ശിൽപി കാനായി കുഞ്ഞിരാമനെ ഏൽപ്പിക്കുകയും ചെയ്‌തു.
അന്ന് ഭരണപക്ഷത്തുണ്ടായിരുന്ന ഐഎൻഎല്ലിൽ ഒരു വിഭാഗം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ ചേർന്നതിനെ തുടർന്ന് ഭൂരിപക്ഷം നഷ്‌ടപ്പെടുകയും അന്നത്തെ ഭരണസമിതി രാജിവെക്കുകയും ചെയ്‌തതോടെ ശിൽപനിർമാണവും നിലച്ചു. 2009ൽ നിർമാണം നിലച്ചെങ്കിലും 2019ൽ വീണ്ടും ജീവൻ വെച്ചു. എന്നാൽ ഒരു മാസത്തിന് ശേഷം അതും നിലച്ചു.
അത് വാർത്തയാകുകയും ചർച്ചയാകുകയും ചെയ്‌തതോടെയാണ് നിർമാണം പുനരാരംഭിച്ചത്. ശിൽപനിർമാണം തുടങ്ങിയശേഷം നാലാമത്തെ ഭരണസമിതിയാണ് ജില്ല പഞ്ചായത്തിന് ഇപ്പോഴുള്ളത്. എൻഡോസൾഫാൻ ദുരന്ത സ്‌മാരകമായി ദുരിതബാധിതയായ അർധനഗ്ന രൂപത്തിലുള്ള അമ്മയും കുഞ്ഞും പ്രതിമ ഉയരുന്നത്.