കാസര്‍കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദു റഹ്‌മാന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന ഇര്‍ഷാദിനെ കസ്റ്റഡിയില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് സംഘം ഹൊസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കേസിലെ മറ്റ് പ്രതികളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ആദ്യം ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഔഫ് അബ്‌ദു റഹ്‌മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് റിമാന്‍ഡിലാക്കിയ ശേഷം ഇര്‍ഷാദിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതിനാല്‍ സ്‌കാനിങിന് ഉള്‍പ്പെടെ വിധേയമാക്കിയ ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടതിനാല്‍ ഇര്‍ഷാദിനെ തിങ്കളാഴ്‌ച കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് എത്തിച്ചിരുന്നു. ബുധനാഴ്‌ച ഇര്‍ഷാദിനെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിന് ഇര്‍ഷാദിനെയും കൊണ്ട് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.