കാസർകോട്: ജീവനക്കാരില്ലാത്തതിനാൽ കാസർകോട് കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നു. സെക്രട്ടറിയടക്കമുള്ളവരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പഞ്ചായത്തിലെത്തുന്ന സാധാരണക്കാരെയും ദുരിതത്തിലാക്കുന്നു. ഏതെങ്കിലുമൊരു ആവശ്യത്തിന് കുമ്പള പഞ്ചായത്ത് ഓഫീസിലെത്തിയാൽ ഒഴിഞ്ഞ കസേരകളായിരിക്കും ജനങ്ങളെ സ്വീകരിക്കുക. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കൊണ്ടോ ദീർഘ അവധി കൊണ്ടോ പഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും അവതാളത്തിലാണ്. നിലവിലുള്ള ഭരണസമിതി വന്ന ശേഷം എട്ടാമത്തെ സെക്രട്ടറിയാണ് നിലവിലുള്ളത്. ഉടൻ വിരമിക്കുന്ന ഇദ്ദേഹം അവധിയിലുമാണ്. ഒരു വർഷം മുമ്പ് വന്ന അസി.സെക്രട്ടറിക്കും സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചു കഴിഞ്ഞു. അഞ്ച് ക്ലർക്കുമാർ വേണ്ടിടത്ത് മൂന്ന് പേരുണ്ടെങ്കിലും അതിൽ രണ്ട് പേർ അവധിയിലാണ്. ജൂനിയർ സൂപ്രണ്ടും അവധിയിലാണ്. എഞ്ചിനീയർമാരും ഇല്ലാതായതോടെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലായി. പഞ്ചായത്തിൽ നിന്നും ഒരു സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ ആഴ്ചകളോളം ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ.
പൊതുജനങ്ങളുടെ പരാതി ഏറിയതോടെ ഉദ്യോഗസ്ഥ ക്ഷാമമുണ്ടെന്ന അറിയിപ്പ് ഭരണസമിതി നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്. ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം പഞ്ചായത്തംഗങ്ങൾ സൂചനാ സമരം നടത്തിയിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കിൽ പഞ്ചായത്ത് അടച്ച് സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യാനാണ് തീരുമാനം. നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രമാക്കി കുമ്പള പഞ്ചായത്തിനെ അധികൃതർ മാറ്റിയിരിക്കുകയാണെന്നും ഭരണ സമിതി ആരോപിക്കുന്നു. മികച്ച പ്രവർത്തനത്തിന് സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ അംഗീകാരം നേടിയ പഞ്ചായത്തിനാണ് ഉദ്യോഗസ്ഥ ക്ഷാമമെന്ന ഗതികേട്.