കാസർകോട്: കാലവര്‍ഷ മഴയിലുണ്ടായ വലിയ കുറവിനെ തുടര്‍ന്ന് ജില്ലയിൽ വരൾച്ച മുന്നറിയിപ്പ് (Drought warning Kasargod). വരള്‍ച്ച സാഹചര്യം മുന്‍കൂട്ടി കണ്ട് പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനം ജില്ലയില്‍ ഉടന്‍ ആരംഭിക്കും. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജല സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ജില്ലാ ഭരണ സംവിധാനം അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക് അനുസരിച്ച് ജൂണ്‍ ഒന്ന് മുതല്‍ സെപ്‌റ്റംബര്‍ 12 വരെ 2703.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.2 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജില്ലയില്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ 30 ശതമാനം കുറവ് മാത്രമാണ് ലഭിച്ചത് (Poor Monsoon in Kasargod).
ഭൂജല ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ ബ്ലോക്കുകളെ സേഫ്, സെമിക്രിട്ടിക്കല്‍, ക്രിട്ടിക്കല്‍, ഓവര്‍ എക്‌സ്‌പ്ലോയിറ്റഡ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നതില്‍ ജില്ലയിലെ നാല് ബ്ലോക്കുകള്‍ സേഫ് സോണിന് പുറത്താണ്. കാസര്‍കോട് ബ്ലോക്ക് ക്രിട്ടിക്കല്‍, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കല്‍, നീലേശ്വരം, പരപ്പ ബ്ലോക്കുകള്‍ സേഫ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ബാക്കിയുള്ള കാലയളവും ഈ കുറവ് നികത്താന്‍ ആവശ്യമായ അളവില്‍ മഴ ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ ഏജന്‍സികള്‍ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ശക്തമായ മഴ ലഭിച്ചിട്ടും ഏപ്രില്‍, മെയ് മാസങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുകയും ജല ദൗര്‍ലഭ്യത്താലുള്ള കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തിരുന്നു.
ജനങ്ങൾക്കുള്ള മുന്നറിയിപ്പ്
- വീടുകളിലെ വാഷ്‌ബേസിനുകള്‍, ടോയ്‌ലറ്റുകള്‍, മറ്റ് പൈപ്പുകള്‍ എന്നിവയില്‍ ചോര്‍ച്ച ഇല്ല എന്ന് ഉറപ്പുവരുത്തണം.
- കുളിമുറികളില്‍ ഷവര്‍ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുകയും
കുളിക്കുവാന്‍ പരിമിതമായ അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുകയും ചെയ്യുക. - പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പില്‍ വെള്ളമെടുത്ത് ഉപയോഗിക്കുക.
- ഫ്ലഷ് ടാങ്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിതമായ അളവില്‍ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക.
- സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോള്‍ അനാവശ്യമായി വെള്ളം തുറന്നു വിടരുത്.
- തുണി അലക്കുമ്പോഴും അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുമ്പോഴും പൈപ്പുകള്‍ തുറന്നിടരുത്.
- വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ അനുവദനീയമായ പരമാവധി അളവില്‍ വസ്ത്രങ്ങള്‍ നിറച്ച് മാത്രം ഉപയോഗിക്കുക.
- പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ പൈപ്പ് തുറന്നിട്ട് കഴുകുന്നതിന് പകരം ഒരുപാത്രത്തില്‍ വെള്ളമെടുത്ത് കഴുകുക.
- ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുവാന്‍ ഉപയോഗിക്കുക.
- ചെടികള്‍ നനക്കുന്നത് രാവിലെയോ സന്ധ്യാസമയത്തോ മാത്രമാക്കുക. കടുത്ത വെയിലില്‍ ചെടികള്‍ നനക്കുന്നത് നനച്ച വെള്ളത്തിന്‍റെ ഭൂരിഭാഗവും ആവിയായി പോകാന്‍ കാരണമാകും.
- വാഹനങ്ങള്‍ കഴുകുന്നത് അത്യാവശ്യത്തിന് മാത്രമാക്കുക.
- കഴുകുമ്പോള്‍ ഓസ് ഉപയോഗിക്കാതെ ബക്കറ്റില്‍ വെള്ളം നിറച്ച് കഴുകുക. ഇതോടൊപ്പം സാധ്യമായ എല്ലാ വീടുകളിലും മഴവെള്ള സംഭരണികള്‍, മഴക്കുഴികള്‍ തുടങ്ങിയ ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുക.
- തുള്ളിനന, ചകിരിട്രഞ്ച്, മള്‍ച്ചിങ് രീതി, സ്പ്രിംഗ്‌ളര്‍, തിരിനന തുടങ്ങി ജല ഉപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചന രീതികള്‍ക്ക് പ്രചാരം നല്‍കുകയും കൃഷിയ്ക്ക് ആവശ്യമായ വെള്ളം നഷ്ടം കൂടാതെ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.