കാസര്‍കോട്: ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവും പിഴയും. തെക്കേ തൃക്കരിപ്പൂര്‍ തൈക്കീലിലെ അജിത്കുമാര്‍ (45), മാതാവ് പദ്‌മിനി (63) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി ജഡ്‌ജി എ.മനോജ് ശിക്ഷിച്ചത്.
അജിത്കുമാറിന് എട്ടു വര്‍ഷവും പദ്‌മിനിക്ക് ആറു വര്‍ഷവുമാണ് തടവ്. രണ്ടു പേരും ഒരു ലക്ഷം വീതം പിഴയുമടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ 14 മാസം അധിക തടവ് അനുഭവിക്കണം. 2009 മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അജിത്കുമാറിന്‍റെ ഭാര്യ ശാന്തിനിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാര്‍ഹിക പീഡനം എന്നി വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അന്നത്തെ എസ്.ഐ ആയിരുന്ന എ.കുട്ടികൃഷ്‌ണനാണ് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയായിരുന്ന പി.ഹബീബ് റഹ്മാനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.