കാസര്‍കോട്: ജില്ലയിലെ അക്കേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. സാമൂഹിക വനവല്ക്കരണ വിഭാഗം നട്ടുവളര്‍ത്തിയ അക്കേഷ്യ മരങ്ങള്‍ നാടിന്റെ പരിസ്ഥിതിയോട് ഇണങ്ങാത്തതും വെള്ളം ധാരാളമായി വലിച്ചെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വികസന സമിതി നിര്‍ദേശം മുന്നോട്ട് വെച്ചത്. മരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള നിയമ നടപടികള്‍ വൈകുന്നതിനാല്‍ മരങ്ങള്‍ക്ക് മൊത്തമായി വില നിശ്ചയിച്ച് വില്‍പ്പന നടത്തി പൂര്‍ണമായും മുറിച്ചുമാറ്റാനാണ് നിര്‍ദേശം.
കൂടാതെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ജയില്‍ അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആശുപത്രി വികസനത്തിന് ആവശ്യമായ കെട്ടിടങ്ങളോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്താന്‍ കഴിയാത്ത വിധം സ്ഥല പരിമിതി നേരിടുന്നതിനാലാണ് നിര്‍ദേശം. നേരത്തെ ആശുപത്രിക്കുണ്ടായിരുന്ന ഒന്നര ഏക്കര്‍ ഭൂമിയാണ് ജില്ലാ ജയിലിനായി വിട്ടു നല്‍കിയത്. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പണിത കെട്ടിടം ഉള്‍പ്പെടെ ജയില്‍ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയ സാഹചര്യത്തിലാണ് നിര്‍ദേശമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു അധ്യക്ഷനായി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്. സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.