കാസർകോട്: ദന്തൽ ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത മലയാളി ദന്ത ഡോക്‌ടർ കർണാടക കുന്താപുരത്തെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. കാസർകോട് ബദിയടുക്ക സ്വദേശി എസ് കൃഷ്‌ണമൂർത്തിയാണ്(52) മരിച്ചത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ക്ലിനിക്കിലെത്തി ഡോക്‌ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
സംഭവത്തിൽ നവംബര്‍ 8ന് യുവതി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്ന് അന്ന് ഉച്ചയ്‌ക്ക് ക്ലിനിക്കിൽ നിന്ന് പോയ ഡോക്‌ടറെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. മൊബൈലും കൊണ്ടുപോയിരുന്നില്ല.
തുടർന്ന്, ഡോക്‌ടറുടെ ബൈക്ക് കുമ്പളയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു സംഘം ആളുകളെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് ഡോക്‌ടർ ക്ലിനിക്കിൽ നിന്ന് പോയതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ സഹോദരൻ അടക്കം അഞ്ചുപേരെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വ്യാഴാഴ്‌ച വൈകിട്ടാണ് (10.11.2022) കൃഷ്‌ണമൂർത്തിയുടെ മൃതദേഹം കുന്താപുരയിലെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയത്. ചിന്നിച്ചിതറിയ നിലയിൽ ആയിരുന്നു മൃതദേഹം.
വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. കേസെടുത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസ് കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കൃഷ്‌ണമൂർത്തിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.