കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്തെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പിതാവിന് കൊവിഡ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥനും രോഗബാധ സ്ഥിരീകരിച്ചു. അന്വേഷണത്തിനിടെ പ്രതിയുമായി സമ്പർക്കം പുലർത്തിയ നീലേശ്വരം എസ്ഐ ഉൾപ്പെടെയുള്ള 12 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി.
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതി കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനും പരിശോധനയ്ക്ക് വിധേയനാകുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നീലേശ്വരം സ്റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.