കാസര്‍കോട്: ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി അട്ടിമറിക്കുന്നതായി ദളിത് സംഘടനകള്‍. 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയിലെ അപേക്ഷകര്‍ സമരവുമായി കലക്‌ട്രേറ്റിലെത്തി. മാര്‍ച്ച് മാസത്തിനകം മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
നിരവധി തവണ സൂചനാസമരങ്ങള്‍ നടത്തിയെങ്കിലും ഭൂമി ലഭ്യമാക്കാന്‍ നടപടികളില്ലാതെ വന്നതോടെയാണ് അനിശ്ചിതകാല സമരപ്രഖ്യാപനവുമായി ആദിവാസി കുടുംബങ്ങള്‍ രംഗത്തെത്തിയത്. 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതി പ്രകാരം ആറ് വര്‍ഷം മുമ്പ് പട്ടയത്തിന് അപേക്ഷ നല്‍കിയവര്‍ കുട്ടികളെയടക്കം സമരമുഖത്ത് അണിനിരത്തി.
അപേക്ഷകര്‍ക്ക് 50 സെന്‍റില്‍ കുറയാത്ത ഭൂമി നല്‍കണമെന്നും അപേക്ഷകര്‍ കണ്ടെത്തിയ ഭൂമി പതിച്ചുനല്‍കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ഈ മാസം 20ന് മുമ്പ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്നും മാര്‍ച്ച് 31ന് മുമ്പ് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും ജില്ലാ ട്രൈബല്‍ ഓഫീസര്‍ എഡിഎമ്മിന്‍റെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.