കാസർകോട്: കാളവണ്ടിയില്‍ കേരള പര്യടനവുമായി ക്ഷീര കര്‍ഷകര്‍. നാടന്‍ പശുക്കളുടെ സംരക്ഷണത്തിനായാണ് കാളവണ്ടിയിലെ നൂറ് ദിനയാത്ര. കണ്ണൂര്‍ ഗൃഹജ്യോതി ഗോശാല സ്ഥാപകന്‍ കലവൂര്‍ ജോണ്‍സണിന്‍റെ നേതൃത്വത്തിലാണ് കാളവണ്ടി യാത്ര. നാടന്‍ പശുവിന്‍ നന്മ നാടറിയാന്‍ എന്ന മുദ്രാവാക്യവുമായി മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് പര്യടനം. നാടന്‍ പശുക്കളുടെയും കാളകളുടേയും സംരക്ഷണവും പൗരാണിക കാര്‍ഷിക സംസ്‌കൃതിയും നമ്മുടെ പൈതൃക സംരക്ഷണത്തിന്‍റെ ഭാഗമാക്കേണ്ടതിന്‍റെ പ്രാധാന്യം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
ചക്കിലാട്ടിയ വെളിച്ചെണ്ണ, നല്ലെണ്ണ, മറ്റു ജൈവ ഉത്പന്നങ്ങള്‍ എന്നിവ യാത്രക്കിടയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. കാസര്‍കോട് ഇനം പശുക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ' കാസർകോഡ് ഡ്വാര്‍ഫ് കണ്‍സര്‍വ്വേഷന്‍ സൊസൈറ്റി, കാമധേനു ഓര്‍ഗാനിക്‌സ് അത്തോളി, പഞ്ചഗവ്യ ഡോക്ടേര്‍സ് അസോസിയേഷന്‍, ഫോര്‍ച്ച്യൂണ്‍ ഗേറ്റ് ഓര്‍ഗാനിക് ഫാം തൃശൂര്‍ എന്നിവയും കാളവണ്ടി യാത്രയുമായി കൈകോര്‍ക്കുന്നുണ്ട്. ഓരോ ദിവസവും 15 കിലോമീറ്ററിലാണ് കാളവണ്ടിയിലെ സഞ്ചാരം.