കാസര്‍കോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തന്‍ ഔഫ് അബ്‌ദുള്‍ റഹ്മാന്‍റെ കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂർ എസ്‌പി മൊയ്‌ദീൻകുട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക എഫ്ഐആർ രജിസ്റ്റര്‍ ചെയ്‌താണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തുവെങ്കിലും ആയുധങ്ങള്‍ അടക്കമുള്ള തെളിവുകൾ ശേഖരിക്കാനായിട്ടില്ല. അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
ഇതിനുള്ള അപേക്ഷ ചൊവ്വാഴ്ച ഹോസ് ദുർഗ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കും. കൃത്യം നടത്തിയ സ്ഥലത്ത് ക്രൈം ബ്രാഞ്ച് എസ്‌പി മൊയ്‌ദീൻകുട്ടി, ഡിവൈഎസ്‌പി കെ.ദാമോദരൻ, സിഐ അബ്ദുൽ റഹീം എന്നിവർ പരിശോധന നടത്തി. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി ഇര്‍ഷാദിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിനാൽ ഡിസ്ചാർജ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും.