കാസർകോട്: കൊവിഡ് മഹാമാരിയെ നേരിടാൻ എല്ലാം മറന്ന് ലോകം ഒറ്റക്കെട്ടാകുമ്പോൾ സന്നദ്ധ പ്രവർത്തനത്തിന് പ്രത്യുപകാരം ചോദിച്ച് കാഞ്ഞങ്ങാട്ടെ ബിജെപി പ്രവർത്തകർ.
കൊവിഡ് കാലത്ത് നൽകുന്ന സഹായത്തിന് തിരിച്ചു സഹായം വേണമെന്നാണ് ഭക്ഷ്യ കിറ്റ് നൽകികൊണ്ട് ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത്. കാഞ്ഞങ്ങാട് നഗരസഭയിൽ ബിജെപി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ സഹായം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
സന്നദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ ബിജെപി പ്രവർത്തകർ രാഷ്ട്രീയ അഭ്യർഥന നടത്തുന്ന വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിജെപി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ, വേണു, ഗോപാലൻ, സുരേന്ദ്രൻ എന്നിവരാണ് കാഞ്ഞങ്ങാട് കല്യാൺ റോഡ് കോളനിയിൽ സഹായം അഭ്യർഥിച്ചത്. ബിജെപി അംഗമാണ് കല്യാൺ റോഡ് കോളനിയിലെ വാർഡ് കൗൺസിലർ.
എന്നാൽ ഇത് തന്‍റെ അറിവോടെയല്ലെന്നാണ് ബിജെപി ജില്ലാ കമ്മിറ്റിയംഗവും വാർഡ് കൗൺസിലറുമായ അജയ കുമാർ നെല്ലിക്കാട്ടിന്‍റെ വിശദീകരണം. അതേസമയം ബിജെപി പ്രവർത്തകർ നടത്തിയ രാഷ്‌ട്രീയ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ പ്രതികരിച്ചു. എന്നാൽ ജില്ലയിലുടനീളം രാഷ്ട്രീയം നോക്കാതെയാണ് ബിജെപി സന്നദ്ധ പ്രവർത്തനം നടത്തുന്നതെന്നും ഇതിന് വിരുദ്ധമായ നയത്തെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കെ. ശ്രീകാന്ത് വ്യക്തമാക്കി.